മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ പരിഷ്‌കാരം: ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് പരിശോധന

കടുവായെ കിടുവ പിടിക്കുന്നോ. മോട്ടോര്‍ വെഹിക്കിള്‍ വരുത്തി പരിഷ്‌കാരത്തിനു പിന്നിലെ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധനയും. പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കമ്മീഷണര്‍ നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.
വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയ ടോമിന്‍ തച്ചങ്കരി ഒരു പ്രത്യേക സോഫ്ട്‌വേര്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. നിക്ഷിപ്ത താല്‍പര്യമുള്ള ഏതോ സ്ഥാപനത്തിനു വേണ്ടിയാണ് തച്ചങ്കരി അത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് ആരോപണം.
സംസ്ഥാനത്തെ ഇരുചക്ര വാഹന ഡീലര്‍മാര്‍ ഹാന്‍ഡിലിംഗ് ചാര്‍ജ് എന്ന പേരില്‍ വാഹനം വാങ്ങുന്നവരില്‍ നിന്ന് അധിക തുക ഇടാക്കുന്നത് വാര്‍ത്തയായതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഡീലര്‍ഷോപ്പുകളില്‍ റെയ്ഡ് നടത്തിയെങ്കിലും പെട്ടെന്ന് തന്നെ നിര്‍ത്തിവച്ചു. ഇതിനു പിന്നിലും തച്ചങ്കരിയാണെന്നും വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നു.
അതേസമയം, അന്വേഷണം നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് ഡോമിന്‍ തച്ചങ്കരി പ്രതികരിച്ചു. വകുപ്പിലെ പദ്ധതികള്‍ ജനോപകാരപ്രദമായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റ് മാറ്റുന്നതില്‍ ചിലര്‍ക്കുള്ള അസ്വസ്ഥതയാണ് തനിക്കെതിരായ ആരോപണത്തിനു പിന്നില്‍. അന്വേഷണത്തിന്റെ പേരില്‍ പരിഷ്‌കാരനടപടികളില്‍ നിന്ന് പിന്മാറില്ലെന്നും തച്ചങ്കരി പറഞ്ഞു.
പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ ഗതാഗത കമ്മീഷണറുടെ ഓഫീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ വിജിലന്‍സും തീരുമാനിച്ചത്. അന്വേഷണം തച്ചങ്കരിയും പ്രതീക്ഷിച്ചിരുന്നു.
ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹന ഉടമകള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവും വന്നിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഉത്തരവ് മയപ്പെടുത്താന്‍ തച്ചങ്കരി തയ്യാറായിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ബോധവത്കരണത്തിനും ലഘുലേഖകള്‍ വഴിയും ഹെല്‍മറ്റ് ഉപയോഗിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കും. എന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.
https://www.facebook.com/Malayalivartha






















