മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണമെന്ന് മുഖ്യമന്ത്രി

താല്‍ക്കാലിക വികാരശമനത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് പിണറായി വിജയന്‍. കോടതിക്കുള്ളിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനു പരിമിതിയുണ്ട്; കോടതിതന്നെയാണു നടപടികള്‍ സ്വീകരിക്കേണ്ടത്. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ കോടതി ഇടപെടുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള സുഗമമായ ബന്ധം പുനഃസ്ഥാപിക്കാന്‍ നടപടിയുണ്ടാവണം. അഡ്വക്കറ്റ് ജനറലിന്റെ (എജി) നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയിലേക്ക് ഇരുകൂട്ടരും പേരുകള്‍ നല്‍കിയിട്ടില്ല. പേരുകള്‍ ആവശ്യപ്പെടാന്‍ എജിയോടു നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന് ഇരുകൂട്ടര്‍ക്കും ആക്ഷേപമില്ല. പരാതികളുണ്ടെങ്കില്‍ പരിശോധിക്കും. കീഴ്ക്കോടതികളില്‍ പൊലീസ് ഇടപെട്ടത് കോടതിയുടെ നിര്‍ദേശാനുസരണമാണ്. മാധ്യമപ്രവര്‍ത്തകര്‍ കയറേണ്ടതില്ലെന്നു കോടതി പറയുമ്പോള്‍, കയറിക്കോ എന്നു പറയാന്‍ പൊലീസിനു സാധിക്കില്ലന്നും പിണറായി പറഞ്ഞു.
കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.
ഇരുവിഭാഗവും സൗഹൃദപരമായ അന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അഭിഭാഷകര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിമാനിക്കാവുന്ന കാര്യങ്ങളല്ല കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്. പൊതുസമൂഹത്തിനും അത് നല്ല കാര്യമായി അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ടായിരുന്നതു പോലെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സഹകരണ, സൗഹൃദ മനോഭാവത്തോടെ ഒരുമിച്ച് നീങ്ങണമെന്നും പിണറായി വിജയന്‍.
https://www.facebook.com/Malayalivartha






















