കെപിഎസി ലളിത സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷയാകും

ചലച്ചിത്രതാരവും ഇടതുപക്ഷ സഹയാത്രികയുമായ കെപിഎസി ലളിത സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷയാകും. കഥാകൃത്ത് വൈശാഖന്‍ സാഹിത്യ അക്കാദമി അധ്യക്ഷനും പ്രശസ്ത ചിത്രസംയോജക ബീനാ പോള്‍ ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷയുമാകുമെന്നാണു സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ കെപിഎസി ലളിതയുടെ പേര് സിപിഎം നേതൃത്വം പരിഗണിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് അവര്‍ സ്വമേധയാ പിന്‍മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷസ്ഥാനം ഇവരെ തേടിയെത്തുന്നത്.
ആഖ്യാനത്തിലെ ലാളിത്യവും പ്രമേയത്തിലെ പുതുമകളും കൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരനാണ് വൈശാഖന്‍. നൂല്‍പ്പാലം കടക്കുന്നവര്‍, അപ്പീല്‍ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തില്‍ വസന്തം, നിശാശലഭം, ബൊമ്മിഡിപ്പൂണ്ടിയിലെ പാലം, യമകം തുടങ്ങിയവയാണ് വൈശാഖന്റെ പ്രധാനകൃതികള്‍.
12 വര്‍ഷത്തോളം കേരള ചലച്ചിത്ര അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടറും രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) മുഖ്യ സംഘാടകയുമായിരുന്നു ബീനാ പോള്‍. അന്നത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2014ലാണ് ഇവര്‍ സ്ഥാനമൊഴിഞ്ഞത്.
https://www.facebook.com/Malayalivartha






















