അഭിഭാഷക-മാദ്ധ്യമ തര്‍ക്കം പുതിയ തലത്തിലേക്ക്, കോടതിയില്‍ എത്തിയ ഏഷ്യാനെറ്റ് ചാനല്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു; ജില്ലാ കോടതിവളപ്പില്‍ സംഘര്‍ഷാവസ്ഥ

കോടതികളില്‍ റിപ്പോര്‍ട്ടിംഗിനെത്തുന്ന മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞു കൊണ്ടിരിക്കുന്നതിനിടെ കോഴിക്കോട് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ ഏഷ്യാനെറ്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ഇത് ജില്ലാ കോടതി വളപ്പില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരിയ്ക്കയാണ്. മാദ്ധ്യമ പ്രവര്‍ത്തകരെ കോടതിക്കകത്ത് കയറ്റില്ലെന്ന നിലപാടുമായി പൊലീസും കയറിയാല്‍ തടയാന്‍ തയ്യാറായി അഭിഭാഷകരും കോടതിയുടെ കവാടത്തില്‍ തമ്പടിച്ചിരിക്കുന്നുമുണ്ട്.
ജില്ലാ ജഡ്ജിയുടെ അനുമതിയുണ്ടെങ്കിലേ കോടതിയില്‍ കയറാവൂ എന്നുപറഞ്ഞാണ് പത്രപ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. ഇതോടെ അഭിഭാഷകരും മാദ്ധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഏഷ്യാനെറ്റിന്റെ ഡിഎസ്എന്‍ജിയും ടൗണ്‍പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
വി എസ് അച്യുതാനന്ദന്‍ ഐസ്‌ക്രീം കേസില്‍ നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഇത് റിപ്പോര്‍ട്ടുചെയ്യാന്‍ കോടതിക്കകത്ത് കയറാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറയുകയായിരുന്നു. കോടതി വളപ്പില്‍ കയറിയെന്നു പറഞ്ഞാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും അറസ്റ്റുചെയ്തത്.
വിവരമറിഞ്ഞ് കൂടുതല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പിലേക്ക് എത്തി. പ്രതിരോധിക്കാന്‍ അഭിഭാഷകരും എത്തിയതോടെ, പോലീസ് കോടതിയിലേക്ക് പ്രവേശിക്കുന്ന ഗ്രില്‍ അടച്ചിട്ട് പത്രക്കാരെ തടയുകയായിരുന്നു.
https://www.facebook.com/Malayalivartha






















