കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാന്‍ പഠിച്ചു ജോലി നേടി, കാക്കിയിട്ടതിലൂടെ സ്വന്തമാക്കിയത് ചരിത്രം, ആദ്യ വനിതാ എസ്ഐ ആയി വി സീത ചുമതലയേറ്റു

കൂലിപ്പണിക്കാരനായ അച്ഛനെയും അമ്മയെയും സഹായിക്കാന്‍ ഒരു ജോലി വേണമെന്ന ആഗ്രഹമാണ് ചെറുപ്പം മുതലേ സീതയുടെ മനസിലുണ്ടായത്. ആഗ്രഹം മനസ്സിലുറപ്പിച്ചു പഠിച്ചു നേടിയതാകട്ടെ കേരളാ പോലീസിലെ കോണ്‍സ്റ്റബിള്‍ ജോലിയും. 1991ല്‍ കോണ്‍സ്റ്റബിളായാണ് മലപ്പുറം ചേളാരി സ്വദേശിയായ സീത സര്‍വീസില്‍ പ്രവേശിച്ചത്. 2014ല്‍ തേഞ്ഞിപ്പലംസ്റ്റേഷനില്‍ ജോലിചെയ്യുമ്പോഴാണ് പ്രൊമോഷന്‍ ലഭിക്കുന്നത്.
ഏഴ് വനിതാ എസ്.ഐമാര്‍ക്ക് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളുടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) പദവി നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായി നിയമിതയായതോടെ വി സീത ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ വനിതാ എസ്‌ഐ എന്ന ബഹുമതിയോടെയാണ് വി സീത കഴിഞ്ഞ ദിവസം കോഴിക്കോട് ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ ചുമതലയേറ്റു. കൂടുതല്‍ ഉത്തരവാദിത്വമുള്ള ചുമതലയില്‍ സന്തോഷമുണ്ടെന്നും സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുമെന്നും അവര്‍ പറഞ്ഞു. പിന്നോക്ക വിഭാഗക്കാരിയായ സീത കഠിനമായ പ്രയത്‌നത്തിലൂടെയാണ് സെലക്ഷന്‍ നേടിയതും. ക്രമസമാധാന പാലനത്തിന്റെ സ്വതന്ത്ര ചുമതലയിലേക്കെത്തിയ പിന്നാക്ക വിഭാഗക്കാരിയായ ആദ്യ എസ്.ഐ ആയി സീത ഇന്നലെയാണ് സ്റ്റേഷനില്‍ ചുമതലയേറ്റത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ അപ്പുക്കുട്ടനാണ് ഭര്‍ത്താവ്.മിഥുന്‍, ആതിര എന്നിവര്‍ മക്കള്‍. വട്ടാംപൊയില്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കോതി എന്നീ പ്രദേശങ്ങളാണ് ചെമ്മങ്ങാട് സ്റ്റേഷന്റെ അധികാര പരിധി. 1500ല്‍ താഴെ വീടുകളാണ് ചെമ്മങ്ങാടിന്റെ പരിധിയിലുള്ളത്.താരതമ്യേന കുറവ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള ചെമ്മങ്ങാട് പൊലീസ് സ്റ്റേഷന്‍ ജനമൈത്രി സ്റ്റേഷനാണ്.
https://www.facebook.com/Malayalivartha






















