കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത എസ്‌ഐ വിമോദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു, സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും

കോടതിയില്‍ കയറുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. ടൗണ്‍ എസ്‌ഐ വിമോദിനെയാണ് തല്‍സ്ഥാനത്തു നിന്ന് മാറ്റിയത്. കമ്മീഷണറുമായി ചര്‍ച്ച നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികള്‍ക്കും എ.പ്രദീപ്കുമാര്‍ എംഎല്‍എയ്ക്കും കമ്മീഷണര്‍ ഇക്കാര്യം ഉറപ്പ് നല്‍കി.
ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്‌ഐ പി.എം.വിമോദും സംഘവും കസ്റ്റഡിയിലെടുത്തത്. ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. അതേസമയം, ഇങ്ങനെയൊരു നിര്‍ദേശം ജില്ലാ ജഡ്ജി പൊലീസിന് നല്‍കിയിട്ടില്ലെന്ന് കോടതിവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്നു നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും ജില്ലാ ജഡ്ജി ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചിരുന്നു.
പ്രശ്‌നത്തില്‍ ഇടപെട്ട വി.എസ്. അച്യുതാനന്ദന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. ഡിജിപിയെ ഫോണില്‍ ബന്ധപ്പെട്ടാണ് വിഎസ് പൊലീസിനെതിരായ തന്റെ പ്രതിഷേധം അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലം പ്രയോഗിച്ച പൊലീസ് നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
മന്ത്രി വി.എസ്.സുനില്‍കുമാര്‍, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെ.മുരളീധരന്‍ എംഎല്‍എ, ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ തുടങ്ങിയവരും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയെ അപലപിച്ചു.
https://www.facebook.com/Malayalivartha






















