കോടിയേരി പറഞ്ഞു, പിണറായി തള്ളി; ജിജിതോംസണ്‍ തെറിച്ചു

കെഎസ്‌ഐഡി സി ചെയര്‍മാന്‍ സ്ഥാനത്ത് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ നിലനിര്‍ത്തണമെന്ന ആവശ്യം പിണറായി വിജയന്‍ തള്ളി. ഇപ്പോള്‍ വിദേശത്തുള്ള ജിജി തോംസണ് ഇമെയില്‍ സന്ദേശം നല്‍കിയ ശേഷം അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു.
ജിജി തോംസനു വേണ്ടി എം എ .യുസഫലി, രവിപിള്ള തുടങ്ങിയ വ്യവസായികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയോട് ശുപാര്‍ശ നടത്തിയിരുന്നു. ജിജിയെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെടാന്‍ കോടിയേരി പിണറായിയെയും വകുപ്പു മന്ത്രി ഇ.പി. ജയരാജനെയും ഫോണില്‍ വിളിച്ചിരുന്നു.
വിദേശത്തുള്ള ജിജിതോംസണ്‍ യാത്രയ്ക്ക് തൊട്ടു മുമ്പ് പിണറായിയെയും ജയരാജനെയും നേരില്‍ കണ്ട് തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ജിജി തോംസനോട് പരിശോധിക്കാം എന്നു മാത്രമാണ് പിണറായി പറഞ്ഞത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തെടുത്ത പല തീരുമാനങ്ങള്‍ക്ക് പിന്നിലും ജിജിതോംസണാണുണ്ടായിരുന്നത്. മെത്രാന്‍ കായല്‍, ഹോപ്പ് ഫൗണ്ടേഷന്‍ വിഷയങ്ങളിലെല്ലാം ജിജിതോംസണാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ചത്. ഇതിന്റെ പേരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജിജിയ്ക്ക് എതിരാവുകയും ചെയ്തിരുന്നു.
അതിനിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ ജിജിതോംസനെതിരെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നതായും കേള്‍ക്കുന്നു. നളിനിനെറ്റോ നേരത്തെ മുതല്‍ ജിജിതോംസന്റെ എതിര്‍പക്ഷത്തായിരുന്നു.
പാമോയില്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ജിജിതോംസന്റെ അപേക്ഷ സുപ്രീംകോടതി നിരസിച്ചിരുന്നു. ജിജിതോംസന്‍ കെഎസ്‌ഐഡിസി ചെയര്‍മാനായിരിക്കെ ഒപ്പിട്ട ഫയലുകള്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി പരിശോധിച്ചു വരികയാണ്. ക്രമക്കേട് കണ്ടെത്തിയാല്‍ ജിജിതോംസണ്‍ വീണ്ടും കേസുകള്‍ നേരിടേണ്ടി വരും.
ഉമ്മന്‍ചാണ്ടിയുടെ ഉപദേശകനായിരുന്നു ജിജിതോംസണ്‍ എന്നതാണ് പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം കോടിയേരിയുടെ ശുപാര്‍ശയും പിണറായിക്ക് ഇഷ്ടപ്പെടാതെ വന്നു.
https://www.facebook.com/Malayalivartha






















