ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ പിടിവീഴും; മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു

നഗരങ്ങളില്‍ ഹെല്‍മറ്റില്ലാതെ നിരത്തിലിറങ്ങിയാല്‍ പിടിവീഴും. റോഡരികില്‍ മാത്രമല്ല, പെട്രോള്‍ പമ്പുകളിലും നിങ്ങളെ കാത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുണ്ടാകും. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കുന്നില്ലെങ്കിലും മൂന്നുനഗരങ്ങളിലും ഇന്നുമുതല്‍ പരിശോധന ശക്തമായിരിക്കും. ബോധവല്‍ക്കരണത്തിന്റ ഉദ്ഘാടനം ഇരുമ്പനത്ത് രാവിലെ പത്തിന് ഗതാഗത മന്ത്രി നിര്‍വഹിക്കും.
കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ കിട്ടും. എന്നുകരുതി ഹെല്‍മറ്റില്ലാതെ സുഖമായി സഞ്ചരിക്കാമെന്ന് ആരും കരുതരുത്. ഏത് സമയത്തും എവിടെയും പിടിവീഴും. പ്രത്യേകിച്ച് പെട്രോള്‍ പമ്പുകളില്‍. പൊലീസും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും മാത്രമല്ല നിരീക്ഷണ കാമറകളുമുണ്ടാകും നിങ്ങള്‍ക്ക് പിന്നില്‍. തല്‍ക്കാലം ബോധവല്‍ക്കരണം. രണ്ടാഴ്ച കഴിഞ്ഞാല്‍ പിഴ, അതും കഴിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കും.
ഹെല്‍മറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്നായിരുന്നു മോട്ടോര്‍വാഹനവകുപ്പ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പെട്രോള്‍ ആവശ്യപ്പെട്ട് പമ്പിലെത്തുന്നവര്‍ക്ക് ഇത് നിഷേധിക്കാന്‍ നിലവില്‍ നിയമമില്ല. മാത്രമല്ല കോടതിയിലും ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടുതന്നെ നിയമനിര്‍മ്മാണം നടത്തിയിട്ട് തീരുമാനം നടപ്പാക്കാനാണ് ഇപ്പോഴത്തെ ധാരണ.
https://www.facebook.com/Malayalivartha






















