ട്രോളിംഗ് നിരോധനം അവസാനിച്ചു; ബോട്ടുകള്‍ അര്‍ധരാത്രി തന്നെ കടലിലേക്ക് കുതിച്ചു

സംസ്ഥാനത്ത് ജൂണ്‍ 15ന് നിലവില്‍ വന്ന ട്രോളിംഗ് നിരോധനം ഇന്നലെ അവസാനിച്ചതോടെ മത്സ്യബന്ധന ബോട്ടുകള്‍ അര്‍ധരാത്രിതന്നെ ചാകര തേടി കൂട്ടത്തോടെ കടലിലേക്കു കുതിച്ചു.
രാത്രി പന്ത്രണ്ടിനു മുമ്പായി യാനങ്ങള്‍ കടലിലേക്കു പോകാതിരിക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പട്രോളിംഗ് ബോട്ടുകള്‍ മുനമ്പം, കൊച്ചി അഴിമുഖത്ത് വൈകുന്നേരം മുതല്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. രാത്രി 12നു ശേഷമാണു ബോട്ടുകള്‍ വിട്ടുപോയത്. ഭൂരിഭാഗം ബോട്ടുകളും സര്‍ക്കാര്‍ നിശ്ചിയിച്ചിട്ടുള്ള നീല നിറം പൂശിയാണ് ഇക്കുറി കടലിലേക്കു പോയത്.
മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയില്‍ ആയിരത്തില്‍പരം ബോട്ടുകളാണു തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കടലിലേക്ക് പോകാന്‍ കാത്തുകിടന്നിരുന്നത്. 12നു ശേഷം തീരംവിട്ട പകുതിയിലധികം ബോട്ടുകളും ആഴക്കടല്‍ മത്സ്യബന്ധനത്തിനായാണു പോയിട്ടുള്ളത്. തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകള്‍ നേരം പുലര്‍ന്നതിനു ശേഷമാണ് പോയത്.
ഇവയില്‍ മിക്കതും ഇന്നും നാളെയുമൊക്കെയായി തിരികെയെത്തും. ബോട്ടുകള്‍ മത്സ്യക്കൂട്ടംതേടി പോയെങ്കിലും ഹാര്‍ബറുകള്‍ പൂര്‍ണമായും ഉണരണമെങ്കില്‍ കടലില്‍ പോയ ബോട്ടുകള്‍ മത്സ്യവുമായി തിരികെ എത്താന്‍ തുടങ്ങണം.
https://www.facebook.com/Malayalivartha






















