ഇന്ന് കര്‍ക്കിടകവാവ്; പിതൃമോക്ഷപുണ്യം തേടി ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

ഇന്ന് കര്‍ക്കിടകവാവ്. പിതൃമോക്ഷപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തുകയാണ്. തിരുവനന്തപുരത്ത് വര്‍ക്കല പാപനാശം , തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുമുഖം കടപ്പുറം എന്നിവിടങ്ങിളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആലുവ ശിവക്ഷേത്രത്തിലാണ് മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.
തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി ഇന്നലെ രാത്രി മുതലേ വന്നു തുടങ്ങിയിരുന്നു. പുലര്‍ച്ചെ 3 മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
ദഷിണകാശി ചേലാമറ്റം ശ്രീകൃഷ്ണഷേത്രത്തില്‍ ഒരേ സമയം 1500പേര്‍ക്ക് തര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും മണപ്പുറത്ത് ബലിത്തറകള്‍ തയാറാക്കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും പയ്യാമ്പലം കടപ്പുറത്തും കല്‍പാത്തി പുഴയോരത്തും ബലിതര്‍പ്പണം ചടങ്ങുകള്‍ തുടങ്ങി. ഭാരതപ്പുഴയുടെ വിവിധ സ്‌നാന ഘട്ടങ്ങളിലും വയനാട് തിരുനെല്ലിയിലും ചടങ്ങുകള്‍ പുരോഗമിക്കുന്നു.
കര്‍ക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കര്‍ക്കിടക വാവായി ആചരിക്കുന്നത്. കര്‍ക്കിടകവാവ് ദിനം പിതൃബലിതര്‍പ്പണത്തിനു പ്രധാനമാണ്. ഇന്നുചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആത്മശാന്തിക്ക് ഉതകുമെന്നാണ് വിശ്വാസം. 
വാവുബലിയുടെ ഐതിഹ്യം...
നമ്മള്‍ക്കു ജന്മം നല്‍കിയ മരിച്ചു പോയ മാതാപിതാക്കള്‍ക്കും പൂര്‍വികര്‍ക്കും വേണ്ടി പ്രാര്‍ത്ഥന ചൊല്ലി ഒരുപിടിച്ചോര്‍, അല്പം പുഷ്പം, കുറച്ചു ജലം എന്നിവയും പിന്നെ ആ ഓര്‍മയ്ക്ക് ഒരു തുള്ളി കണ്ണീരും ആത്മാര്‍ഥമായി അര്‍പ്പിക്കുന്ന കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ ഹിന്ദുക്കള്‍ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിതര്‍പ്പണം ചെയ്താല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്
.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. മരിച്ചവര്‍ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. അവിടെ നിന്ന് അവര്‍ പുനര്‍ജ്ജനിക്കുകയോ അല്ലെങ്കില്‍ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു.
പിതൃ ലോകത്ത് വാസു, രുദ്ര, ആദിത്യ എന്നീ മൂന്ന് തരം ദേവതകള്‍ ഉണ്ട്. ഇവര്‍ തര്‍പ്പണങ്ങള്‍ സ്വീകരിച്ച് അത് അതാത് പിതൃക്കള്‍ക്കെത്തിക്കുകയും അത് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രക്കിടയില്‍ അവര്‍ക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാല്‍ പിതൃക്കള്‍ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.
ശ്രീരാമന്‍ വാനപ്രസ്ഥകാലത്ത് ദശരഥന് കേരളത്തിലെ പമ്പാ നദിയില്‍ പിതൃതര്‍പ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. ഈ കാരണം കൊണ്ടാണ് ഇന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ പമ്പയില്‍ പിതൃതര്‍പ്പണം നടത്തിയതെന്നും അതല്ല, അയ്യപ്പന്‍ തന്നെ തന്റെ വീരമൃത്യു പ്രാപിച്ച പോരാളികള്‍ക്കായി തര്‍പ്പണം ചെയ്തതിനാലാണ് ഇത് എന്നും അതുമല്ല ബുദ്ധന്‍ ഏര്‍പ്പെടുത്തിയ ഉത്‌ലംബനം അതിന്റേതായ രീതിയില്‍ പിന്നീട് ക്ഷേത്രം ഏറ്റെടുത്ത ആര്യവര്‍ഗ്ഗക്കാര്‍ പിന്തുടരുകയായിരുന്നു എന്നും വിശ്വാസങ്ങള്‍ ഉണ്ട്.
ജനുവരി 14 മുതല്‍ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കും ഉള്ളതാണെന്ന് ശാസ്ത്രം. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തില്‍ പോകുന്നത്. ഇതിന്റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവര്‍ക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കല്‍, ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം. അവരുടെ മോക്ഷപ്രാപ്തിക്കും ആത്മശാന്തിക്കുമായി നമുക്ക് ആത്മാര്‍ഥമായി തര്‍പ്പണം ചെയ്യാം.
https://www.facebook.com/Malayalivartha






















