തക്കാരം, വടക്കന്‍ കുശിനി, ഹോട്ടല്‍ ടൗണ്‍ ടവര്‍ എന്നിവടങ്ങളിലെ റെയ്ഡില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു; തിരുവനന്തപുരം നഗരസഭയുടെ വാര്‍ത്താക്കുറിപ്പ് വന്നപ്പോള്‍ ഹോട്ടലുകളുടെ പേരില്ല!

കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തിലെ ചില ഹോട്ടലുകള്‍ മേയര്‍ വി.കെ പ്രശാന്തിന്റെയും നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ റെയ്ഡ് നടത്തുകയും തുടര്‍ന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരത്തിലെ തന്നെ തിരക്കേറിയതും പ്രശസ്തവുമായ എംജി റോഡിലെ തക്കാരം, വടക്കന്‍ കുശിനി, സ്റ്റാച്യുവിലെ ഹോട്ടല്‍ ടൗണ്‍ ടവര്‍ എന്നിവിടങ്ങളില്‍ വില്‍ക്കുവാന്‍ വേണ്ടി വച്ചിരുന്ന പഴകിയ ഭക്ഷണങ്ങളാണ് കോര്‍പറേഷന്‍ അധികൃതര്‍ പിടിച്ചെടുത്തത്.
വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ സൃഷ്ടിച്ചേക്കാവുന്ന തരത്തിലായിരുന്നു പിടിച്ചെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളെന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുന്നതിനായി നഗരസഭ വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പക്ഷേ പരിശോധന നടത്തി മോശം ഭക്ഷണം വിളമ്പിയതിന് പിഴയിട്ട ഒരു ഹോട്ടലുകളുടേയും പേരുകള്‍ ഇല്ലായിരുന്നു.
ഇതേ കുറിച്ചറിയുവാന്‍ മേയര്‍ വി.കെ പ്രശാന്തുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായത് അദ്ദേഹത്തിന്റെ അറിവോടെയല്ല പേരുകള്‍ അപ്രത്യക്ഷമായതെന്നാണ്.നഗരസഭയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് ഹോട്ടലുകളുടെ പേര് ഒഴിവായതിന് കാരണം എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
നഗരസഭാ മേയറായ ശേഷം വി.കെ പ്രശാന്തിന്റെ പല നടപടികളും അഭിനന്ദനാര്‍ഹമായിരുന്നു. ഏത് വമ്പനന്മാരുടെ സ്ഥാപനമായാലും അനധികൃതമായ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തലസ്ഥാനത്തിന്റെ യുവ മേയര്‍ മടി കാണിച്ചിട്ടില്ല. അനധികൃതമായി മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ച ബിഗ് ബസാര്‍ എന്ന വന്‍കിട കമ്പനിയെകൊണ്ട് തന്നെ അവ തിരിച്ചെടുപ്പിച്ചതുള്‍പ്പെടെ നഗരവാസികളുടെ കൈയടി നേടിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ പിടികൂടിയ ഹോട്ടലുകളുടെ പേരുകള്‍ പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്താത്തതിനും മേയറെ കുറ്റപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല. ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് മേയര്‍ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും നഗരവാസികള്‍ക്ക് പഴകിയ ഭക്ഷണം നല്‍കിയവര്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നുമാണ് പലരുടേയും ആവശ്യം.
ഇന്നലെ ഹോട്ടലുകളില്‍ റെയ്ഡ് നടന്ന വിവരം പുറത്ത് വന്നപ്പോള്‍ തന്നെ വന്‍ അഭിനന്ദന പ്രവാഹമാണ് മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചത്. ഇടത് പക്ഷത്തെ അനുകൂലിക്കുന്നവരും അല്ലാത്തവരും ഇത്തരം പ്രവര്‍ത്തിയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ആണ്‍കുട്ടികല്‍ നഗരസഭ ഭരിച്ചാല്‍ ഇങ്ങനെയിരിക്കും, എന്നതുള്‍പ്പടെയുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. തലസ്ഥാനത്തെ സിപിഐ(എം) സൈബര്‍ പ്രവര്‍ത്തകര്‍ സംഭവം ഏറ്റെടുത്തതോടെയാണ് റെയ്ഡിന്റെയും മറ്റും വിവരം സോഷ്യല്‍ മീഡിയയില്‍ കാട്ടു തീ പോലെ പടര്‍ന്നത്.രാഷ്ട്രീയമായി എതിരഭിപ്രായമുള്ളവര്‍പോലും നഗരസഭയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ വൈകുന്നേരം ആയപ്പോള്‍ പുറത്ത് വന്ന പത്രക്കുറിപ്പ് വളരെ നിരാശ പടര്‍ത്തുന്ന ഒന്നായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും രൂപപ്പെടുകയായിരുന്നു. അധികൃതര്‍ തന്നെ ഹോട്ടലുകളുടെ പേര് മറച്ച് വച്ചത് പഴകിയ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ക്ക് ഒത്താശ ചെയ്യുന്നതിന് തുല്യമാണെന്നും അഭിപ്രായങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എന്ത്‌കൊണ്ടാണ് ഹോട്ടലുകളുടെ പേരുകള്‍ പത്രക്കുറിപ്പില്‍ വരാത്തതെന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉദ്യോസ്ഥരോട് ആരാഞ്ഞ് വേണ്ട നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















