മാപ്പ് സര്‍വ്വത്ര, 1.25 മണിക്കൂര്‍ പ്രസംഗം വളച്ചൊടിച്ചതു ഗൂഢാലോചനയുടെ ഭാഗം; പ്രസംഗത്തില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നുവെന്നും ബാലകൃഷ്ണ പിള്ള

പിള്ള പിടിച്ച പുലിവാല്‍. ഒടുവില്‍ മാപ്പോടുമാപ്പും. താന്‍ നടത്തിയ പ്രസംഗം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് ആര്‍ ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പിള്ള ഖേദം പ്രകടിപ്പിച്ചത്.
പുറത്തുവന്നത് എഡിറ്റ് ചെയ്ത പ്രസംഗമാണ്. വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. 1.25 മണിക്കൂര്‍ പ്രസംഗം വളച്ചൊടിച്ചതു ഗൂഢാലോചനയുടെ ഭാഗമാണെന്നും പിള്ള പറഞ്ഞു.
കരയോഗത്തിന്റെ നാലു ചുമരുകള്‍ക്കുള്ളിലാണ് താന്‍ പ്രസംഗിച്ചത്. അല്ലാതെ പൊതുജന മധ്യത്തിലല്ല. ഇങ്ങനെയുള്ളപ്പോള്‍ തന്റെ പ്രസംഗം വിവാദമുണ്ടാക്കി പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ട്. താന്‍ മുസ്‌ലിം വിരുദ്ധനോ ന്യൂനപക്ഷ വിരുദ്ധനോ അല്ല. മുസ്‌ലിം സമുദായത്തോടു ബഹുമാനം മാത്രമാണുള്ളത്.
മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളില്‍ വര്‍ഷാവര്‍ഷം സന്ദര്‍ശനം നടത്താറുണ്ട്. മുഴുവന്‍ ചിലവും വഹിച്ച് ഹജ്ജിന് ആളുകളെ അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തനിക്ക് എങ്ങനെ ന്യൂനപക്ഷ വിരുദ്ധനാകാന്‍ കഴിയും. മഅദനിയെ മനുഷ്യത്വപരമായി സഹായിച്ചെന്ന പേരില്‍ തനിക്കെതിരെ നാല്‍പ്പതോളം കേസുകള്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ച ആദ്യത്തെയാളാണ് താന്‍. തിരുവനന്തപുരത്തു ചെല്ലുമ്പോള്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കാറുള്ളത്. അവിടെ പട്ടിയുടെ കുര കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് പറഞ്ഞത്. അതു ബാങ്കുവിളിയുമായി ചേര്‍ത്ത് തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലാതെ പള്ളിയിലെ ബാങ്കുവിളി പട്ടിയുടെ കുരപോലെയാണെന്നു പറയാന്‍ തനിക്ക് ഭ്രാന്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല ക്ഷേത്രപ്രവേശനമടക്കമുള്ള മതകാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടരുതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha






















