കോട്ടയത്തെ കൊലപാതകത്തില്‍ ദുരൂഹത നീങ്ങുന്നില്ല, ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞും മരിച്ചിരുന്നു, കേസ് നാലു ഡിവൈഎസ്പിമാരുടെ സംഘം അന്വേഷിക്കും

കോട്ടയത്തു അതിരമ്പുഴയിലെ റബര്‍തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറുമണിയോടെ അതിരമ്പുഴ - ഒറ്റക്കപ്പലുമാവ് - അമ്മഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടിയാണ് ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്നതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
ഗര്‍ഭിണിയെ രണ്ടാം ദിനവും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. കൊല്ലപ്പെട്ടതെന്ന് ആദ്യം സംശയിച്ച യുവതികളെ ഇന്നലെ നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതിനാല്‍ അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കു പിന്നിലേറ്റ ചതവും ശ്വാസംമുട്ടിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.തലയുടെ ഭാഗത്തേക്കു രക്തയോട്ടം കൂടുന്ന രീതിയില്‍ മൃതദേഹം കിടത്തിയതാണു മുഖത്തു കറുപ്പുനിറം വര്‍ധിക്കാന്‍ ഇടയായതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ മാത്രമേ മരണകാരണം സംബന്ധിച്ചു കൃത്യമായ സൂചന ലഭിക്കൂ. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ കേന്ദ്ര ലാബിലേക്കയച്ചു.മൃതദേഹം കണ്ടെത്തിയതിനു പന്ത്രണ്ടു മണിക്കൂര്‍ മുന്‍പാവാം കൊല നടന്നതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ നാലു സംഘങ്ങളായി തിരിഞ്ഞ് നടത്തുന്ന അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോളിത്തീന്‍ കവര്‍ ആന്‍ജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോളിത്തീന്‍ കവര്‍ ആയതിനാല്‍ ആശുപത്രികളുമായോ, ഹോംനഴ്‌സിങ് സ്ഥാപനങ്ങളുമായോ ബന്ധമുള്ളവര്‍ക്കും ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.
നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കുറ്റാന്വേഷണത്തില്‍ മികവുതെളിയിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിവൈഎസ്പിമാരായ ഗിരീഷ് പി.സാരഥി, മുഹമ്മദ് കബീര്‍ റാവുത്തര്‍, എസ്.സുരേഷ്‌കുമാര്‍, വി.അജിത്ത്, രമേശ്കുമാര്‍, സിഐമാരായ നിര്‍മല്‍ ബോസ്, സി.ജെ.മാര്‍ട്ടിന്‍, സാജു വര്‍ഗീസ്, എസ്‌ഐമാരായ അനൂപ് ജോസ്, എ.സി.മനോജ്കുമാര്‍ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവുമാണ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അതിരമ്പുഴ, അമ്മഞ്ചേരി, മാന്നാനം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മേഖലയിലെ ആറു മൊബൈല്‍ ടവറുകളിലെ എല്ലാ ഫോണ്‍വിളികളും പരിശോധിക്കുകയാണു പൊലീസ്.സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും കൂടുതല്‍ പരാതികള്‍ എത്താത്ത സാഹചര്യത്തില്‍. ജില്ലയ്ക്കു പുറത്തുനിന്നു തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയശേഷം റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചതിന്റെ സാധ്യതയിലേക്കാണു പൊലീസ് എത്തിച്ചേരുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലാ അതിര്‍ത്തികളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഈ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സതേടിയെത്തിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് യുവതിയുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. പുതപ്പിലും പോളിത്തീന്‍ കവറിലും നന്നായി പൊതിഞ്ഞുകെട്ടിയ രീതിയും ശരീരത്തിലെ മുറിവുകളും ക്രിമിനല്‍ സ്വഭാവമുള്ള ഒന്നിലധികം ആളുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha






















