കെ.എസ്.യു സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചുവിട്ടു

കെ.എസ്.യു സംസ്ഥാനജില്ലാ കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചുവിട്ടു. മുഴുവന്‍ ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കൂട്ടപിരിച്ചുവിടല്‍. സംഘടനാതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എന്‍.എസ്.യു സെക്രട്ടറി ആര്‍. ശ്രവണ്‍ റാവു അറിയിച്ചു. അതേസമയം, പുന:സംഘടനയെച്ചൊല്ലി ഉടലെടുത്ത കലഹമാണ് കൂട്ട പിരിച്ചുവിടലിന് കാരണമെന്നറിയുന്നു.
പുതിയ ജില്ലാപ്രസിഡന്റുമാരെ നാമനിര്‍ദേശം ചെയ്തതിനൊപ്പം നിലവിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കുകയും ചെയ്തിരുന്നു. കേരളത്തിന് അനുയോജ്യമായ രീതിയില്‍ സംഘടനാതെരഞ്ഞെടുപ്പ് രീതി പരിഷ്‌കരിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ കാലതാമസമെടുക്കുമെന്നതിനാലാണ് താല്‍ക്കാലിക പുന:സംഘടനക്ക് ദേശീയനേതൃത്വം തീരുമാനിച്ചത്. കൂടാതെ, കോളജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകളും ഉടന്‍ നടക്കാനിരിക്കുകയാണ്.
താഴേത്തട്ടില്‍ തെരഞ്ഞെടുപ്പും ജില്ലാസംസ്ഥാനതലങ്ങളില്‍ നാമനിര്‍ദേശവും എന്നതാണ് സംസ്ഥാനനേതാക്കള്‍ പാര്‍ട്ടി ദേശീയനേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യത്തില്‍ അവര്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടുമില്ല. അനുകൂലതീരുമാനം സംസ്ഥാനനേതാക്കള്‍ പ്രതീക്ഷിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞദിവസത്തെ പുന:സംഘടന. എന്നാല്‍, ഇതേച്ചൊല്ലി സംഘടനക്കുള്ളില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്.
അര്‍ഹരെ ഒഴിവാക്കി നേതാക്കന്മാര്‍ക്ക് താല്‍പര്യമുള്ളവരെ ജില്ലാ പ്രസിഡന്റുമാരാക്കിയെന്നായിരുന്നു പ്രധാന ആക്ഷേപം. ചില ജില്ലകളില്‍ കൂട്ടരാജിയും അരങ്ങേറി. മാത്രമല്ല, എ, ഐ ഗ്രൂപ്പുകള്‍ക്ക് മാത്രമായി ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിട്ടുവെന്ന പരാതിയും ഉണ്ടായി. ഗ്രൂപ്പുകള്‍ക്കുള്ളിലും അസംതൃപ്തി ഉയര്‍ന്നു. മാത്രമല്ല, പുന:സംഘടനക്കുമുമ്പ് കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം തേടാന്‍പോലും ദേശീയനേതൃത്വം തയാറായില്ലെന്നും പരാതി ഉണ്ടായി. പുന:സംഘടനാരീതിയില്‍ കെ.പി.സി.സി പ്രസിഡന്റ് ദേശീയനേതൃത്വത്തെ അതൃപ്തി അറിയിച്ചെന്നും സൂചനകളുണ്ട്.
സംഘടനയില്‍ വരുത്തിയ ഭാഗിക പുന:സംഘടന ഗുണത്തേക്കാള്‍ ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞതോടെ മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിടാന്‍ ദേശീയനേതൃത്വം തയാറാകുകയായിരുന്നു. കോളജ്‌യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സംസ്ഥാനതലത്തില്‍ പോലും പകരം സംവിധാനം ഏര്‍പ്പെടുത്താതെയാണ് പിരിച്ചുവിടല്‍. എന്‍.എസ്.യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഉപയോഗിച്ച് സംഘടനയില്‍ സൗജന്യമായി അംഗത്വം എടുക്കാമെന്നും ദേശീയനേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം, സംഘടനാതെരഞ്ഞെടുപ്പിന്റെ തീയതിയടക്കം പ്രഖ്യാപിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha






















