ബാര്‍കോഴ അണിയറക്കഥകള്‍; അന്ന് പി.ടി. ചാക്കോ ഇന്ന് കെ.എം. മാണി

കേരളാകോണ്‍ഗ്രസ് അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില പ്രമുഖരെ ഉന്നംവച്ചുള്ളതാണ്. പ്രധാനി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ. ബാര്‍കോഴ ആരോപണം ബിജുരമേശ് ഉന്നയിക്കുമ്പോള്‍ ചെന്നിത്തല അമേരിക്കയിലായിരുന്നു. അവിടെ നിന്നു മടങ്ങിവന്ന തന്നെ കാത്തുനിന്ന പത്രക്കാരോട് കെ.എം. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ മാണി ഞെട്ടിപ്പോയി. എല്ലാം നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു ചെന്നിത്തലയുടെ നീക്കങ്ങള്‍. എത്രയും പെട്ടെന്ന് കെ.എം. മാണിക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചു മാണിയെ കുടുക്കിയാല്‍ രണ്ടു ഗുണങ്ങളുണ്ടെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ വിശ്വസിച്ചു. ഒന്ന് മാണിയെ ബ്ലാക്ക്‌മെയില്‍ പോയിന്റില്‍ നിര്‍ത്തി സുധീരനെ അനുനയിപ്പിച്ച് ബാര്‍ തിരികെ കൊണ്ടുവരാം. രണ്ട്, യു.ഡി.എഫ് പൊളിച്ച് മാണി ഇടതുപക്ഷത്തേയ്ക്ക് ചായുന്നതിന് തടയുമിടാം.
ഈ തന്ത്രത്തില്‍ മാണി വീണു. മറുതന്ത്രമൊരുക്കുന്നതില്‍ കേരളാകോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വീഴ്ച പറ്റി. ഇടയനെ ആക്രമിച്ചപ്പോള്‍ ആടുകള്‍ ചിതറിപ്പോയി. കൂടാത്തതിന് പി.സി. ജോര്‍ജ്ജിനെപ്പോലുള്ള ഒറ്റുകാരുടെ അരമന തന്ത്രങ്ങള്‍ വേറെയും. വീണിടത്തുനിന്ന് മണ്ണും ചെളിയുമായി പൊങ്ങാന്‍ ശ്രമിച്ചപ്പോഴൊക്കെ മാധ്യമങ്ങള്‍ ആഞ്ഞുവെട്ടി. മാണിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്ന് പി.ആര്‍ ചുമതലയുണ്ടായിരുന്നയാള്‍ തന്റെ വിശ്വസ്തരായ പത്രക്കാരെ വിളിച്ചുവരുത്തി കേസ് മൂപ്പിച്ചോ, മാണി കുടുങ്ങും എന്ന് ആവേശം കൊടുത്തുകൊണ്ടിരുന്നു. ബിജുരമേശും ബാര്‍ മുതലാളിമാരുമായും ബന്ധമുള്ള ചില പത്രക്കാര്‍ പ്രതേ്യകിച്ച് ഇത്തരം ബാറുകളിലിരുന്ന് വൈകുന്നേരങ്ങളില്‍ രണ്ടെണ്ണം വീശുന്നവരും കെ.എം. മാണിയെ തീര്‍ക്കാനുള്ള തിരക്കഥയില്‍ പങ്കാളികളായി.
ബിജുരമേശിന്റെ ആദ്യ പരസ്യപത്രസമ്മേളനത്തിനു തൊട്ടുമുന്‍പ് അടൂര്‍പ്രകാശുമായി ഫോണില്‍ പലതവണ സംസാരിച്ചതിന്റെ വിശദവിവരങ്ങള്‍ കളക്ട് ചെയ്താണ് ഗൂഢാലോചനയുടെ പ്രഭവകേന്ദ്രവും, നടപ്പിലാക്കിയ രീതിയും കേരളകോണ്‍ഗ്രസ് വിശദീകരിക്കുന്നത്. തുടര്‍ന്നങ്ങോട്ട് ബിജുരമേശും, അടൂര്‍പ്രകാശുമായുള്ള ദൈര്‍ഘ്യമേറിയ ഫോണ്‍ സംഭാഷണങ്ങളും, കൂടിക്കാഴ്ചകള്‍ക്കും നിരവധി തെളിവുകളാണ് കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്ന് മലയാളിവാര്‍ത്തയ്ക്കു കിട്ടിയ വിവരം. തിരുവനന്തപുരത്തെ വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ലോഞ്ചിലിരുന്ന് കോണ്‍ഗ്രസ് പ്രധാനി ബിജുരമേശുമായി ദീര്‍ഘനേരം ചര്‍ച്ചചെയ്തു. പലവേള അടൂര്‍ പ്രകാശിനോട് ഉപദ്രവിക്കരുതെന്ന് കെ.എം. മാണി ആവശ്യപ്പെട്ടെങ്കിലും കേള്‍ക്കാന്‍ പ്രകാശ് തയാറായിരുന്നില്ല.
ബാബു വെട്ടില്‍ വീണതിങ്ങനെ
കെ.എം. മാണിക്കെതിരായ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശനും കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു. തുടക്കം മുതല്‍ 'പാലാക്കാരന്‍ ജൂബ്ബാ'യാണ് ബാറുകാര്‍ക്ക് പാരവച്ചത് എന്ന് ബാബു പരസ്യമായി പറഞ്ഞുനടന്നു. എങ്ങനെയെങ്കിലും ബാറു പൂട്ടിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കെ.എം. മാണിയുടെ തലയില്‍ വച്ച് ബാറുകാരുടെ മുന്നില്‍ കൈ കഴുകുക ഇത്രയേ ബാബു കരുതിയുള്ളൂ. എന്നാല്‍ ബാര്‍ തന്നില്ലെങ്കില്‍ ബാബുവിനെയും തീര്‍ക്കും എന്ന ഭീഷണി പിന്നീടുണ്ടായപ്പോള്‍ ആദ്യഘട്ടത്തില്‍ മാണിക്കനുകൂലമായി മൊഴി കൊടുക്കാനുറച്ച ബാറുടമകളോട് ബാബു രഹസ്യമായി പറഞ്ഞു. ഇപ്പോള്‍ മൊഴി കൊടുക്കേണ്ട. സുധീരന്‍ വഴങ്ങും, ബീയര്‍-വൈന്‍ പാര്‍ലറുകളെങ്കിലും അനുവദിപ്പിക്കാം.
ബാറുടമകള്‍ മൊഴി കൊടുക്കാതായപ്പോള്‍ മാണി പിന്നെയും വെട്ടിലായി. ഒരു കാരണവശാലും എഫ്.ഐ.ആര്‍ ഇടില്ലെന്ന് മാണിയെ പറഞ്ഞു വിശ്വസിപ്പിച്ച രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും ഒരു ഞായറാഴ്ച മാണി ഡല്‍ഹിയില്‍ പോയ തക്കത്തില്‍ കരണംമറിഞ്ഞു. മാണിയുടെമേല്‍ എഫ്.ഐ.ആര്‍. കുരുക്കുവീണു.
എന്നും കെ.എം. മാണിയുടെ ഉത്തമസുഹൃത്തായിരുന്ന കുഞ്ഞാലിക്കുട്ടി പോലും ഒരുവേള കെ.എം. മാണിയെയും കേരളാകോണ്‍ഗ്രസിനെയും ഒന്ന് ഒതുക്കിക്കളയാം എന്നുകരുതി.
അനേ്വഷണത്തില്‍ കെ.എം. മാണിയോട് വ്യക്തി വിരോധമുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഉണ്ടായി. കെ.എം. മാണിയെ നടുറോഡില്‍ നിര്‍ത്തി വസ്ത്രാക്ഷേപം ചെയ്യുന്നതിനു തുല്യമായിരുന്നു സുകേശന്റെ അനേ്വഷണ 'മികവ്'. ഒരുവേള അന്നത്തെ ധനമന്ത്രിയുടെ വീട്ടില്‍ കൈയില്‍ ടേപ്പുമായി എത്തി ബാറുകാര്‍ ഇറങ്ങിയ പോര്‍ച്ചും വീടുമായുള്ള അളവുവരെ എടുത്ത് അന്വേഷണം ആഘോഷിച്ചു.
അന്നത്തെ എ.ജി. ദണ്ഡപാണി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വന്തമായിരുന്നു. ഹൈക്കോടതിയിലും തട്ടുമേടിച്ച കെ.എം. മാണിയുടെ നില പരുങ്ങലിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭരണക്കാര്‍ക്കും കഴിഞ്ഞു.
കാന്‍സര്‍ വന്നാല്‍ ആ ഭാഗം മുറിച്ചുകളയണമെന്ന് പന്തളം സുധാകരനെക്കൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ പറയിപ്പിക്കാന്‍ സുധീരനും, ചെന്നിത്തലയ്ക്കുമായി. ടി.എന്‍. പ്രതാപന്‍, വി.ടി. സതീശന്‍ തുടങ്ങിയവരും ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. ഒടുവില്‍ കെ.എം. മാണി വീണു. അന്ന് ആഘോഷിച്ചവര്‍ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ആകെ വെട്ടിലായി. ഒടുവില്‍ കുടത്തിലൊളിപ്പിച്ച മാണി കുടം പൊട്ടിച്ചു പുറത്തുചാടുന്നു.
ചരല്‍കുന്ന് ക്യാമ്പ് നിര്‍ണ്ണായകമാകുന്നതിവിടെയാണ്.
കേസന്വേഷണത്തിലെ ചതിവഴികള്‍ നാളെ.
https://www.facebook.com/Malayalivartha






















