ഭാഗ്യം തുണച്ചെങ്കിലും വിധി ... ലോട്ടറിയടിച്ച 65 ലക്ഷം കിട്ടുംമുന്‍പേ യുവാവിനെ മരണം കൊണ്ടുപോയി

എല്ലാം അനുഭവിക്കാന്‍ ഒരു യോഗം വേണമെന്നു പറയുന്നത് എത്ര ശരിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ 65 ലക്ഷം രൂപയുടെ വിന്‍-വിന്‍ ഭാഗ്യക്കുറി ലഭിച്ച യുവാവ് സമ്മാനത്തുക കയ്യില്‍ കിട്ടുംമുന്‍പേ പൊള്ളലേറ്റു മരിച്ചു. കടുത്തുരുത്തി മുളക്കുളം മൂര്‍ക്കാട്ടിപ്പടി കളത്തിപറമ്പില്‍ കെ.പി.സജി (37) ആണു മരിച്ചത്. വെല്‍ഡിങ് ജോലിക്കിടെ വെടിമരുന്നിനു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലിരിക്കേയായിരുന്നു മരണം.
ജൂലായ് 29ന് ഇലഞ്ഞി അന്ത്യാല്‍ ജംക്ഷനു സമീപമുള്ള ചാപ്പലിനു പിന്നിലെ മുറിയുടെ വാതിലില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നതിനിടെയാണു മുറിയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനു തീപിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സജിയെയും സഹായി എല്‍ദോസിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീടു സജിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. ജൂലായ് 26നു നറുക്കെടുത്ത വിന്‍-വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം സജിക്കു ലഭിച്ചിരുന്നു. സമ്മാനര്‍ഹമായ ടിക്കറ്റ് വെള്ളൂര്‍ അര്‍ബന്‍ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സംസ്‌കാരം നടത്തി. ഭാര്യ വെള്ളൂര്‍ മൂഴിക്കോട്ട് കുടുംബാംഗം ജെസ്സി. മക്കള്‍. അനുഷ, നിമിഷ.
https://www.facebook.com/Malayalivartha

























