തച്ചങ്കരിയുടെ ഉപദേശം ഫലിച്ചു; ടിപ്പര്‍ മരണവിളിയുമായി എത്തിയെങ്കിലും ആക്ഷന്‍ ഹീറോ ബിജുവിനു ജീവന്‍ തിരിച്ചു കിട്ടി

ഗതനിയമത്തിലെ ഏറ്റവും പുതിയ നിയമ പരിഷ്‌കരമായിരുന്നു പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ ലഭിക്കണമെങ്കില്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുള്ളത്. ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ പുതിയ ഭേദഗതി നടപ്പിലായിട്ടു ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ ഭേദഗതിയിലൂടെ ജീവന്‍ തിരിച്ചു കിട്ടിയത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു തന്നെ.
സ്ഥിരമായി ഹെല്മറ്റി വയ്ക്കാതെയായിരുന്നു കൊടുങ്ങല്ലൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജുവിന്റെ യാത്രകള്‍. നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമത്തിനു വിരുദ്ധമായി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ തച്ചങ്കരി ബിജുവിനെ നേരിട്ട് ഫോണില്‍ വിളിച്ചു ഹെല്‍മെറ്റ് വയ്ക്കണമെന്നുള്ളതിനെ പറ്റി ഉപദേശവും കൊടുത്തു. ഉപദേശം അക്ഷരം പ്രതി അനുസരിച്ച ബിജുവിന് തിരിച്ചു കിട്ടിയത് ടിപ്പര്‍ കൊണ്ട് പോവേണ്ടിയിരുന്ന സ്വന്തം ജീവന്‍.
എറണാകുളം തേവരയില്‍ നിന്ന് കൊടുങ്ങല്ലൂരിലെ ജോലി സ്ഥലത്തേക്ക് പോകാനായിബൈക്കിലിറങ്ങിയ ബിജു തച്ചങ്കരിയുടെ ഉപദേശം മറന്നില്ല, ഹെല്‍മറ്റെടുത്തു യാത്ര തുടങ്ങി. റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ വില്ലനായി ടിപ്പര്‍ മരണവിളിയുമായി എത്തി. അതിവേഗത്തിലെത്തിയ ടിപ്പര്‍ ബിജുവിനെ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞു. അപകടത്തില്‍ നിലത്തു തലയിടിച്ച് വീണ ബിജുവിന്റെ ഹെല്‍മെറ്റ് രണ്ടായി പിളര്‍ന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ സഹജീവനക്കാരോട് പറഞ്ഞത് ഹെല്‍മെറ്റില്ലായിരുന്നെങ്കില്‍ അയാളിപ്പോള്‍ ജീവനോടെ ഉണ്ടാവില്ല എന്നായിരുന്നു. ടിപ്പറിന്റെ ഇടിയുടെ ആഘാതത്തില്‍ തലയിടിച്ചു വീണ ബിജു തല തകര്‍ന്നു മരിക്കുമായിരുന്നു, ഹെല്‍മറ്റ് ഉള്ളതിനാല്‍ കാര്യമായ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു എന്നും.
ഇരുചക്ര യാത്രികര്‍ക്ക് പമ്പുകളില്‍നിന്ന് പെട്രോള്‍ ലഭിക്കണമെങ്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശം യാത്രക്കാര്‍ക്ക് എതിര്‍പ്പുണ്ടാക്കുമെന്നു വരുത്താന്‍ നീക്കമുണ്ടായിരുന്നു. വകുപ്പിലെ തന്നെ പലരും ഇതിനെതിരെ രഹസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ബിജുവിന്റെ അപകടത്തോടെ ഇത്തരക്കാരുടെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha

























