മുടിയൊക്കെ വളര്‍ത്തിക്കോ; കഞ്ചാവ് വലിക്കരുത്: ഋഷിരാജ് സിങ്ങ്

മഹാരാജാസ് കോളജ് പിടിഎ, എന്‍എസ്എസ്, എന്‍സിസി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംവാദത്തിലായിരുന്നു ഋഷിരാജ് സിങ്ങിന്റെ മുന്നറിയിപ്പ്. മുടിയൊക്കെ എങ്ങനെ വേണമെങ്കിലും വളര്‍ത്തിക്കോ പക്ഷേ, കഞ്ചാവ് വലിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ എക്‌സൈസിന്റെ പിടിവീഴും. മുടിവളര്‍ത്തുകയും പ്രത്യേകതരം മാലയണിയുകയും ചെയ്യുന്ന ന്യൂജനറേഷന്‍ പിള്ളേരെ മുഴുവന്‍ കഞ്ചാവുകാരായി മുദ്രകുത്തുന്നതു ശരിയാണോ എന്ന വിദ്യാര്‍ഥികളിലൊരാളുടെ ചോദ്യത്തിനായിരുന്നു സിങ്ങിന്റെ മറുപടി. ക്യാംപസുകളിലെ ലഹരി വില്‍പന തടയാന്‍ പ്രത്യേക ഓപ്പറേഷന്‍ നടപ്പാക്കുമോ എന്നായിരുന്നു ഒരു ചോദ്യം. അതൊക്കെ ചെയ്യാം പക്ഷേ, പിന്നെ പരാതി പറയരുതെന്ന് ഋഷിരാജ് സിങ്. ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി കഞ്ചാവ് കേസ് ഒതുക്കിയ സംഭവം തനിക്കറിയാമെന്ന വെളിപ്പെടുത്തല്‍ നടത്തി ഒരു വിദ്യാര്‍ഥിനി. ആ വിവരങ്ങള്‍ തനിക്കു കൈമാറിയാല്‍ നടപടിയെടുക്കാമെന്ന് എക്‌സൈസ് കമ്മിഷണറുടെ ഉറപ്പ്. കോളജ് ക്യാംപസില്‍ രാത്രിയില്‍ ചില സാമൂഹിക വിരുദ്ധര്‍ ചുറ്റിക്കറങ്ങി നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്നും മറ്റൊരു വിദ്യാര്‍ഥിക്കു സംശയം. ആവശ്യമില്ലാതെ രാത്രിയില്‍ ക്യാംപസില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കു ദുരുദ്ദേശ്യം കാണുമെന്നും അവരെ പൊക്കിക്കോളാമെന്നും ഋഷിരാജ് സിങ്. മക്കളോടു സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്കു സമയമില്ലാത്ത കാലമായതിനാലാണു കുട്ടികളില്‍ ലഹരി ഉപയോഗം കൂടുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ദിവസവും പത്തുമിനിറ്റ് മക്കളുമായി തുറന്നു സംസാരിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം. മക്കള്‍ ലഹരിക്കടിമപ്പെട്ടാല്‍ കുടുംബത്തിന് അത് എത്ര വലിയ പ്രഹരമായിരിക്കുമെന്നു സദസ്സിനെ ബോധ്യപ്പെടുത്താന്‍ സ്വന്തം കുടുംബത്തിലെ അനുഭവമാണ് ഋഷിരാജ് സിങ് പങ്കിട്ടത്. അമ്മാവന്റെ മകനെ താന്‍ ആറു വര്‍ഷം തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിച്ചിരുന്നു. ഹോസ്റ്റല്‍ ജീവിതത്തിനിടെ അയാള്‍ ലഹരിക്ക് അടിമയായി. പിന്നീട് ലഹരിവിമുക്ത കേന്ദ്രത്തിലടക്കം പാര്‍പ്പിച്ച്, ഏറെ പണിപ്പെട്ടാണു സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. ലഹരിക്കെതിരായ പോരാട്ടത്തില്‍ എന്തുകൊണ്ട് ഋഷിരാജ് സിങ് ഇത്രയും കര്‍ക്കശക്കാരനാകുന്നുവെന്നു വിദ്യാര്‍ഥികള്‍ക്കു മനസ്സിലാകാന്‍ വേറെ ഉദാഹരണം വേണ്ടിവന്നില്ല. സ്വന്തം കുട്ടികള്‍ ലഹരി ഉപയോഗിച്ചാല്‍ അതു മറച്ചുവയ്ക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വയം വിഡ്ഢിയാവുകയും മക്കളെ നശിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. യുവാക്കളുടെ ആഘോഷങ്ങള്‍ക്കു കേക്ക് മുറിച്ചു മധുരം പങ്കിടല്‍ ഇല്ലാതായെന്നും പകരം ലഹരി ഗുളികകളാണു പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഠിക്കാന്‍ കഴിവു കുറഞ്ഞവരെ കുറ്റപ്പെടുത്താതെ, അവരുടെ കഴിവ് കണ്ടെത്തി ആ വഴിക്കു തിരിച്ചുവിടാന്‍ കഴിയണം. സിന്തറ്റിക് മൈതാനമുണ്ടായിട്ടും എത്ര പേര്‍ അതുപയോഗിച്ചെന്നു സ്വയം വിമര്‍ശനം നടത്തണമെന്നു മഹാരാജാസ് വിദ്യാര്‍ഥികളോട് ഉപദേശിച്ചാണ് ഋഷിരാജ് സിങ് വേദി വിട്ടത്.
https://www.facebook.com/Malayalivartha

























