ജില്ലാ കളക്ടര്‍മാര്‍ മാറ്റപ്പെട്ടപ്പോള്‍ കോഴിക്കോടെ കളക്ടര്‍ ബ്രോ മാത്രം സുരക്ഷിതന്‍; രക്ഷയായത് സിപിഎം പിന്തുണ

എല്ലാവരും തെറിച്ചിട്ടും കളക്ടര്‍ ബ്രോ പിടിച്ചുനിന്നു.സംസ്ഥാനത്തെ 12 ജില്ലാ കളക്ടര്‍മാരെയും മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത് കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത്മാത്രം. വിവാദങ്ങള്‍ക്ക് അകമ്പടി സേവിച്ച് സ്ഥാനചലനം ഉറപ്പാക്കിയിരുന്ന കളക്ടര്‍ക്ക് തുണയായത് സിപിഎം കോഴിക്കോട് നേതൃത്വത്തിന്റെ ഉറ്റ പിന്തുണ.
മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കലക്ടര്‍മാരെയും മാറ്റുക എന്നതായിരുന്നു. ആ രണ്ടു വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയാണെങ്കിലും ഇക്കൂട്ടത്തില്‍ കലക്ടര്‍ ബ്രോയ്ക്ക് സ്ഥാന ചലനം ഉറപ്പായിരുന്നു. മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ മാറ്റുക എന്ന തീരുമാനമായി മുന്നോട്ടു നീങ്ങിയെങ്കിലും ഈ തീരുമാനത്തിനു ഉടക്ക് വന്നത് പാര്‍ട്ടി തലത്തില്‍ ആയിരുന്നു.
കോഴിക്കോട് കളക്ടര്‍ ആയി പ്രശാന്ത് തന്നെ വേണമെന്നായിരുന്നു കോഴിക്കോട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധം. അതുകൊണ്ട് തന്നെ കോഴിക്കോട് കളക്ടറെ മാറ്റാനുള്ള തീരുമാനം വന്നപ്പോള്‍ കോഴിക്കോട് സിപിഎം നേതൃത്വം ഉടക്കുമായി മുന്നോട്ട് വരുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി കോഴിക്കോട് ജില്ലാ നേതൃത്വത്തെ പിന്തുണച്ചപ്പോള്‍ കടുംപിടുത്തത്തില്‍ നിന്ന് മുഖ്യമന്ത്രി അയയുകയായിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.
കോഴിക്കോട് എംപി എംകെ രാഘവന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതിയും, ഒടുവില്‍ കളക്ടര്‍ മാപ്പ് പറയുകയും കൂടി ചെയ്ത് പശ്ചാത്തലം പരിഗണിച്ചായിരുന്നു വിവാദ കളക്ടറെ കോഴിക്കോട് നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. 12 ജില്ലാ കളക്ടര്‍മാരും മാറ്റി നിയമിക്കപ്പെട്ടപ്പോള്‍ ഒരു പരിക്കും ഏല്‍ക്കാതെ രക്ഷപ്പെടാന്‍ കോഴിക്കോട് സിപിഎം നേതൃത്വത്തിന്റെ പിന്തുണ കളക്ടര്‍ ബ്രോയ്ക്ക് തുണയായി.
ഓപ്പറേഷന്‍ സുലൈമാനിയും ബീച്ച് വൃത്തിയാക്കലുമൊക്കെയായി കളക്ടര്‍ ബ്രോ തിളങ്ങി നില്‍ക്കുമ്പോഴാണ് മമ്മൂട്ടി സിനിമാ കിംഗ് സ്‌റ്റൈലില്‍ കളക്ടര്‍ ബ്രോ എംപിയുമായി പരസ്യ ഏറ്റുമുട്ടലിന് മുതിര്‍ന്നത്. പാര്‍ലമെന്ററി അവകാശകമ്മറ്റിയും, പിണറായിക്ക് എംപി എംകെ രാഘവന്റെ പരാതിയുമൊക്കെ വന്നപ്പോള്‍ കാര്യം പൊല്ലാപ്പാകും എന്ന് കണ്ട് കളക്ടര്‍ ബ്രോ പരസ്യമായി മാപ്പ് പറഞ്ഞു തടിയൂരുകയായിരുന്നു.
അന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പരസ്യപിന്തുണയാണ് കളക്ടര്‍ക്ക് നല്‍കിയത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവേളയില്‍ കൊല്ലം കളക്ടര്‍ ആയിരുന്ന ഷൈമ കൂടി മാറിയപ്പോഴാണ് എന്‍.പ്രശാന്ത് വിവാദനായകനായിട്ടും കോഴിക്കോട് കളക്ടര്‍ സ്ഥാനത്ത് തുടരുന്നത്.
https://www.facebook.com/Malayalivartha

























