അജ്ഞാത സംഘം പതിയിരുന്നാക്രമിച്ചു, റിട്ട. അധ്യാപകന്റെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു

അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ച് പെട്രോള്‍ പമ്പ് നടത്തി വരികയായിരുന്ന തങ്കയം കുന്നച്ചേരിയിലെ കുണിയനിലെ കെ. രാമകൃഷ്ണനെ ആക്രമിച്ചാണ് പണവും എ.ടി.എം കാര്‍ഡും മറ്റു രേഖകളുമടങ്ങുന്ന ബാഗ് കവര്‍ന്നത്. സ്ഥിരമായി പമ്പടച്ചു പണവുമായി പോകാറുള്ള രാമകൃഷ്ണനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും താഴെയിറക്കിയ രാമകൃഷ്ണനെ രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും മറ്റൊരാള്‍ ബൈക്കുമായി പോവുകയുമായിരുന്നു.
രാമകൃഷ്ണനെ മര്‍ദിച്ചശേഷം 3,16,000 രൂപയടങ്ങിയ ബാഗ് വച്ചിരുന്ന സ്‌കൂട്ടറുമായി കടന്നു കളയുകയായിരുന്നു സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചിരുന്ന ബാഗിലാണ് പണവും എടിഎം കാര്‍ഡും ഉണ്ടായിരുന്നത്. സ്‌കൂട്ടറുമായി കടന്നതിനു ശേഷം രക്ഷപെട്ട പ്രതികള്‍ ചെറുവത്തൂര്‍ ഭാഗത്തേക്കാണ് രക്ഷപ്പെട്ടത് എന്നാണ് സൂചന. ബാലഹളത്തെ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചെന്തേര പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. രാമകൃഷ്ണന്റെ സ്‌കൂട്ടര്‍ പിന്നീട് ചെറുവത്തൂര്‍ കണ്ണാടിപാറയ്ക്കു സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സ്ഥിരമായി ഒറ്റയ്ക്കു പോകുന്നതു നിരീക്ഷിച്ച ശേഷമാണ് സംഘം കൊള്ളയടിക്കാന്‍ എത്തിയതെന്നാണ് പോലീസ് നിഗമനം.
കവര്‍ച്ചനടത്തിയ സംഘം രാമകൃഷ്ണന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. ബാഗില്‍നിന്നു കിട്ടിയ കാര്‍ഡ് ഉപയോഗിച്ച് ചെറുവത്തൂരിലെ ഒരു എ.ടി.എം. കൗണ്ടറില്‍നിന്ന് ഇന്നലെ രാവിലെയാണ് പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. നെറ്റ് ബാങ്കിങ്ങ് സംവിധാനം ഉണ്ടായിരുന്നതിനാല്‍ പമ്പുടമയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വന്നപ്പോഴാണ് പണം പിന്‍വലിക്കാനുള്ള ശ്രമം അറിഞ്ഞത്. ഉടനെ ബാങ്ക് അധികൃതരെ വിവരം അറിയിച്ച് അകൗണ്ട് മരവിപ്പിച്ചു.
https://www.facebook.com/Malayalivartha

























