വിദേശകാര്യമന്ത്രാലയം ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചു, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ സൗദി യാത്ര മുടങ്ങി

തൊഴില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസി മലയാളികളെ തിരിച്ചെത്തിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സൗദിയിലേക്കു പോകാനിരുന്ന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ യാത്ര . വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുടങ്ങി. കെടി ജലീല്‍ നല്‍കിയ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അപേക്ഷ കേന്ദ്രം തള്ളുകയായിരുന്നു.
സാധാരണ ഗതിയില്‍ അപേക്ഷ നല്‍കിയാല്‍ നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കുകയാണു പതിവ്. വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം ദൗര്‍ഭാഗ്യകരമാണെന്നും ജലീല്‍ പറഞ്ഞു. മലയാളികള്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരമായെന്നും ജലീല്‍ പ്രതികരിച്ചു. വിദേശകാര്യമന്ത്രിയുടെ പഴ്‌സനല്‍ സെക്രട്ടറിയുമായി ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നു മന്ത്രി ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, രാത്രിയോടെ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണു ലഭിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മന്ത്രി ജലീലിനെയും സ്‌പെഷല്‍ സെക്രട്ടറി ഡോ. വി.കെ. ബേബിയെയും സൗദിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സൗദിയിലേക്കു പുറപ്പെടാനായിരുന്നു മന്ത്രിയുടെ പദ്ധതി.
കടുത്ത നിയന്ത്രണങ്ങളുള്ള സൗദിയില്‍ സാധാരണ പാസ്പോര്‍ട്ടുമായി പോയിട്ടു കാര്യമില്ലാത്തതിനാലാണ് നയതന്ത്ര പാസ്പോര്‍ട്ട് ചോദിച്ചതെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























