സരിതയ്ക്ക് 137 എസ്.എം.എസുകള്‍ അയച്ചിട്ടുണ്ട്: എ.ഡി.ജി.പി പത്മകുമാര്‍

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ ഫോണിലേക്ക് 137 എസ്.എം.എസ് സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍. ഇതുസംബന്ധിച്ച് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകള്‍ അദ്ദേഹം ശരിവെച്ചു. ടീം സോളാര്‍ പദ്ധതികള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്മി നായര്‍ എന്നപേരില്‍ സരിത തന്റെ ഫോണിലേക്ക് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീഷന് നേരത്തേ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.
കമ്മീഷന്‍ ശേഖരിച്ച ഇതിന്റെ വിശദാംശങ്ങളാണ് അദ്ദേഹം ശരിവെച്ചത്. അതേസമയം, ടെലിഫോണ്‍ ദാതാക്കള്‍ കൈമാറിയ രേഖകളില്‍ അവസാനമായി എസ്.എം.എസ് സന്ദേശം കൈമാറിയ തീയതി സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സരിത അറസ്റ്റിലാകുന്നതിന് ഒരുദിവസം മുമ്പ് 2013 ജൂണ്‍ ഒന്നിനാണ് എ.ഡി.ജി.പിയുടെ ഫോണില്‍നിന്ന് സന്ദേശം പോയതെന്നാണ് രേഖയില്‍ പറയുന്നത്.
എന്നാല്‍, 2013 ജനുവരി ആദ്യവാരത്തിന് ശേഷം ടീം സോളാര്‍ കമ്പനിയില്‍നിന്ന് ഒരു തരത്തിലുള്ള എസ്.എം.എസോ ഫോണ്‍ വിളികളോ മറുപടി നല്‍കലോ ഉണ്ടായിട്ടില്ലെന്ന് കെ. പത്മകുമാര്‍ ചൂണ്ടിക്കാട്ടി. 2012 ജൂണ്‍ അഞ്ചുമുതല്‍ 2013 ജൂണ്‍ ഒന്നുവരെ പത്മകുമാറിന്റെ ഫോണ്‍ നമ്പറായ 9497998992ല്‍നിന്ന് സരിത ഉപയോഗിച്ചിരുന്ന 8606161700 നമ്പറിലേക്കും തിരിച്ചും 277 എസ്.എം.എസും നാല് ഫോണ്‍ കോളുകളുമാണ് ഉണ്ടായിട്ടുള്ളത്.
ഇതില്‍ 140 സന്ദേശങ്ങള്‍ സരിതയുടെ ഫോണില്‍നിന്നുള്ളതാണ്. 2012 ജൂണ്‍ അഞ്ചിന് ഉച്ചക്ക് 2.20 മുതല്‍ രാത്രി 10.17വരെ 93 എസ്.എം.എസുകള്‍ പരസ്പരം കൈമാറിയപ്പോള്‍ ആറാം തീയതി 65 സന്ദേശങ്ങളും ഏഴാം തീയതി 36 എണ്ണവും 2012 ജൂലൈ ഏഴിന് 60 എസ്.എം.എസ് സന്ദേശങ്ങളും കൈമാറിയതായാണ് രേഖകളിലുള്ളത്. എറണാകുളം റേഞ്ച് ഐ.ജിയായിരിക്കെ താന്‍ ഇടപെട്ടതുകൊണ്ടാണ് സരിതയെ അറസ്റ്റ് ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോയതെന്ന് സോളാര്‍ കമീഷനില്‍ മുന്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ നല്‍കിയ മൊഴി ശരിയല്ലെന്ന് പത്മകുമാര്‍ പറഞ്ഞു.
അറസ്റ്റിന് മാത്രം ഐ.ജി നിര്‍ദേശം നല്‍കിയതിനാലാണ് അതിനുശേഷം സരിതയുടെ വീട് പരിശോധിക്കാതിരുന്നതെന്ന ഡിവൈ.എസ്.പിയുടെ മൊഴിയെക്കുറിച്ച് അറിയില്ല. ആകസ്മിക അറസ്റ്റായിരുന്നതിനാല്‍ അറസ്റ്റിനുള്ള അധികാരപത്രം ഡിവൈ.എസ്.പി ഹരികൃഷ്ണനില്‍നിന്ന് ലഭിച്ചിരുന്നി ല്ലെന്ന് പെരുമ്പാവൂര്‍ എസ്.ഐ സുധീര്‍ മനോഹര്‍ മൊഴിനല്‍കാനുണ്ടായ സാഹചര്യം എന്തെന്ന് അറിയില്ല. ദക്ഷിണമേഖലാ അഡീഷനല്‍ ഡി.ജി.പിയായിരുന്നെങ്കിലും എസ്.ഐ.ടി അന്വേഷിച്ച കേസുകളുടെ പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചിരുന്നത് താനല്ല. കീഴുദ്യോഗസ്ഥരിലാര്‍ക്കെങ്കിലും ചുമതലയുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി.
നഗ്‌ന വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും അറസ്റ്റിനുപിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് പത്മകുമാറാണെന്ന് കാണിച്ച് സരിത ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, പരാതി കണ്ടിട്ടില്ല. ഇതിനെക്കുറിച്ച് ഡി.ജി.പിയോ ആഭ്യന്തരമന്ത്രിയോ തന്നോട് സംസാരിച്ചിട്ടില്ല. പല കേസുകളിലും പ്രതികള്‍ ന്യായാധിപര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ മ്‌ളേച്ഛമായ ആരോപണങ്ങള്‍ ഉന്നയിക്കുക പതിവാണ്.
സരിതയുടെ പരാതിയും ഇത്തരത്തിലുള്ളതായതിനാലാണ് അവര്‍ക്കോ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കോ എതിരെ മാനനഷ്ടക്കേസ് നല്‍കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട തെളിവ് ശേഖരണത്തിന്റെ ഭാഗമായി കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നുണ്ടെങ്കില്‍ വ്യക്തമായ തെളിവുകളോടെ ഒമ്പതിനകം അറിയിക്കാന്‍ കക്ഷികളോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























