നഗരത്തില്‍ എസ്‌കലേറ്ററോടുകൂടിയ രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നഗരസഭ

ഗതാഗതക്കുരുക്കും കാല്‍നടയാത്രക്കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നഗരത്തില്‍ ആധുനിക സംവിധാനത്തോടുകൂടിയ മേല്‍പ്പാലങ്ങള്‍ വരുന്നു. തിരുവനന്തപുരം നഗരസഭയാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നത്. നഗരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന കിഴക്കേകോട്ടയിലും തിരക്കേറിയ പട്ടം ജങ്ഷനിലുമാണ് എസ്‌കലേറ്ററോടുകൂടിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്.
കഴിഞ്ഞദിവസം ചേര്‍ന്ന ഗതാഗത ഉപദേശക കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തവര്‍ഷം ആദ്യം പൂര്‍ത്തീകരിക്കാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്്. കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയിലെ ഫണ്ടുകൂടി ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഏഴുകോടിയോളം രൂപയാണ് ഇതിനുവേണ്ടി പ്രതീക്ഷിക്കുന്നത്.
ദിവസേന പതിനായിരക്കണക്കിനാളുകള്‍ വന്നുപോകുന്ന സ്ഥലമാണ് കിഴക്കേകോട്ട. നഗരത്തില്‍ പതിവായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാണ്. കാല്‍നടയാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും. അതുപോലെ തിരക്കേറിയ ജങ്ഷനാണ് പട്ടം. ജില്ലാപഞ്ചായത്ത് ഓഫീസ്, മില്‍മ, വൈദ്യുതിഭവന്‍ തുടങ്ങിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ സ്‌കൂളുകളുമുള്ള പ്രദേശമാണ് പട്ടം. നഗരത്തിലെ തിരക്കേറിയ വലിയ ജങ്ഷന്‍കൂടിയാണിവിടം.
തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എസ്‌കലേറ്ററോടുകൂടിയ മേല്‍പ്പാലമുണ്ടെങ്കിലും പൊതുനിരത്തില്‍ ആദ്യമാണ്. ഇതോടെ കേരളത്തില്‍ എസ്‌കലേറ്ററോടുകൂടിയ മേല്‍പ്പാലം നിര്‍മിക്കുന്ന ആദ്യ തദ്ദേശഭരണസ്ഥാപനമായി തിരുവനന്തപുരം നഗരസഭ മാറും.
https://www.facebook.com/Malayalivartha


























