ബാങ്കുകളില്‍ പഴയ കാലത്തെ പോലെ ചെക്കും സ്‌ളിപ്പും!

മിനിറ്റുകളോളം ക്യൂ നിന്നാല്‍ മാത്രം പണമെടുക്കാന്‍ കഴിയുമായിരുന്ന നഗരത്തിലെ എടിഎമ്മുകള്‍ തട്ടിപ്പുവാര്‍ത്ത പുറത്തുവന്നതോടെ കാലിയായി. പകരം ബാങ്കുകളില്‍ ചെക്കുകള്‍ക്കും വിഡ്രോവല്‍ സ്ലിപ്പുകള്‍ക്കും പൊടുന്നനെ പ്രിയമേറി.
തട്ടിപ്പ് അരങ്ങേറിയ വെള്ളയമ്പലം ആല്‍ത്തറയിലെ എസ്ബിഐ എടിഎമ്മിനു മുന്നില്‍ കല്യാണവീട്ടിലെന്ന പോലെ ഇന്നലെ രാവിലെയും ആള്‍ക്കൂട്ടമായിരുന്നു. എടിഎമ്മുകളിലെത്തുന്ന ഇടപാടുകാര്‍ കുറ്റാന്വേഷകരെ പോലെയായിരുന്നു ; എല്ലാവര്‍ക്കും 'യന്ത്രമുണ്ടോയെന്ന സംശയമായിരുന്നു.
വെള്ളയമ്പലം ആല്‍ത്തറയിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് അടുത്തിടെയെങ്ങാനും പണമെടുത്തിരുന്നോ എന്ന ആലോചനയിലായിരുന്നു ഇന്നലെ നഗരവാസികളില്‍ പലരും. എടുത്തെന്നു തിരിച്ചറിഞ്ഞവരും എടുത്തിട്ടുണ്ടാകുമോ എന്നു സംശയിച്ചവരും പിന്നെ ബാങ്കിലേക്ക് ഓടുകയായിരുന്നു. പണം പോയിട്ടില്ലെന്ന് ഉറപ്പിച്ചശേഷമാണു ശ്വാസംവിട്ടത്. ഇത്ര നാളും പേഴ്‌സില്‍ താലോലിച്ചു കൊണ്ടുനടന്നിരുന്ന എടിഎം പ്ലാസ്റ്റിക് കാര്‍ഡിനെ ഇന്നലെ ഒറ്റദിവസം കൊണ്ടു ഭയമായി ജനത്തിന്്്്്്്!
ആല്‍ത്തറയിലെ എസ്ബിഐ എടിഎമ്മില്‍ തട്ടിപ്പുകാരുടെ ക്യാമറ കണ്ടെത്തി എന്ന വിവരം അറിഞ്ഞതോടെ രാജ്യത്തു തന്നെ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത രീതിയിലുള്ള തട്ടിപ്പാണെന്നു ഞെട്ടലോടെ ജനം തിരിച്ചറിഞ്ഞു. ആ ക്യാമറയിലൂടെ പിന്‍ നമ്പര്‍ ചോര്‍ത്തി ലക്ഷങ്ങളുടെ കവര്‍ച്ച. തട്ടിപ്പു നടത്തിയതു വിദേശികള്‍ എന്നുകൂടി കേട്ടതോടെ ഇന്നലെ രാവിലെ ആധി ഇരട്ടിയായി. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യമുള്ളവര്‍ ഉടന്‍ നെറ്റില്‍ കയറി ബാലന്‍സ് പരിശോധന നടത്തിയശേഷമാണ് സമാധാനമായത്.
ചിലര്‍ ബാങ്കുകളില്‍ നേരിട്ടെത്തി അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പിച്ചു. ആല്‍ത്തറയിലെ എടിഎമ്മില്‍ പോയതായി ഓര്‍മയില്‍ തെളിഞ്ഞവരൊക്കെ കാര്‍ഡ് കൂട്ടത്തോടെ ബ്ലോക്ക് ചെയ്തു.തട്ടിപ്പു നടന്നത് എസ്ബിഐ എടിഎമ്മിലായതിനാല്‍ ഇന്നലെ നഗരത്തിലെ മിക്ക എസ്ബിഐ ശാഖകളിലേക്കും ആശങ്കാകുലരായ ഇടപാടുകാരുടെ വിളിയോടുവിളിയായിരുന്നു. മാനേജര്‍മാര്‍ മറുപടി പറഞ്ഞു മടുത്തു.
എടിഎമ്മില്‍ നിന്നു ഇന്നലെ പണം എടുക്കാന്‍ നിര്‍ബന്ധിതരായവരാകട്ടെ, എടിഎം മുറിക്കുള്ളില്‍ മിനിറ്റുകളോളം കുറ്റാന്വേഷകരെപ്പോലെ നിരീക്ഷണത്തിലേര്‍പ്പെട്ടു. സ്‌മോക് ഡിറ്റെക്ടറുകളിലേക്കായിരുന്നു പലരുടെയും കണ്ണ്. ഒടുവില്‍ സര്‍വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു കാര്‍ഡിട്ടു പണമെടുത്തു തിരികെപോയി.ആല്‍ത്തറയിലെ എടിഎമ്മിനു മുന്നില്‍ കല്യാണവീട്ടിലെന്ന പോലെയായിരുന്നു ആള്‍ക്കൂട്ടം. രാവിലെ പത്തരയായപ്പോള്‍ എഡിജിപി സന്ധ്യയും ഐജി മനോജ് ഏബ്രഹാമും പൊലീസ് പരിവാരങ്ങളും എത്തി.
പിന്നാലെ ചാനല്‍ പടയും. എടിഎം വിശദമായി പരിശോധിച്ചും ചാനലുകള്‍ക്കു ബൈറ്റ് നല്‍കിയും പൊലീസ് സംഘം മടങ്ങി. എടിഎമ്മിനോടു ചേര്‍ന്നുള്ള എസ്ബിഐ ബാങ്ക് ശാഖയില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്. അക്കൂട്ടത്തില്‍ പണം നഷ്ടപ്പെട്ടവരുമുണ്ടായിരുന്നു. അവര്‍ ചാനലുകാരോടു പണം പോയതും എസ്എംഎസ് വന്നതുമായ കഥകള്‍ വിവരിച്ചു. പണം പോയ കാര്യം പലവട്ടം അറിയിച്ചിട്ടും ബാങ്കുകാര്‍ അനങ്ങിയില്ലെന്നു ചിലര്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























