ഓര്‍ഡിനറിയില്‍ കുറഞ്ഞ നിരക്ക് ഏഴു രൂപയാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

ഓര്‍ഡിനറി സര്‍വിസ് നിരക്കില്‍ കുറവു വരുത്തിയ ഒരു രൂപ വര്‍ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിന് കത്തു നല്‍കി. ഡീസല്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി നിരക്ക് ആറുരൂപയാക്കിയത്. അന്ന് ഡീസല്‍ വില 48 രൂപയായിരുന്നു. ഇപ്പോള്‍ 10 രൂപയോളം വര്‍ദ്ധിച്ച് 58 രൂപയിലെത്തിയതിനാല്‍ കുറവുവരുത്തിയ ഒരു രൂപ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തില്‍ സര്‍ക്കാറാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്നും നിരക്കില്‍ ഒരു രൂപ വര്‍ധിപ്പിച്ചാല്‍ പ്രതിമാസം എട്ടു കോടിയോളം രൂപ അധിക വരുമാനം ലഭിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ പറയുന്നു. പ്രതിദിനം 27 ലക്ഷം രൂപയാണ് ഇതിലൂടെ കോര്‍പറേഷന് നഷ്ടമാകുന്നത്. വരവും ചെലവും പൊരുത്തപ്പെടാനാവാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കോര്‍പറേഷന് നിരക്ക് വര്‍ധന ആശ്വാസമായിരിക്കുമെന്നും എം.ഡി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവര്‍ത്തന ചെലവില്‍ അടുത്തിടെ ഉണ്ടായ വര്‍ധനയാണ് കോര്‍പറേഷന്റെ പ്രതിസന്ധിക്ക് കാരണമെന്നിരിക്കെ ഇതടക്കം സ്വീകരിക്കേണ്ട കടുത്ത നടപടി സംബന്ധിച്ചും വിശദറിപ്പോര്‍ട്ടാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകളുടെ പക്കലുള്ള സൂപ്പര്‍ ഫാസ്റ്റ്ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ കൂടി ഏറ്റെടുക്കാനുള്ള നടപടി അടിയന്തരമായി നടപ്പാക്കണമെന്നും കെ.എസ്.ആര്‍.ടി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 170ഓളം സര്‍വിസാണ് കോടതി ഉത്തരവ് അനുസരിച്ച് കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാനുള്ളത്.
https://www.facebook.com/Malayalivartha


























