കുമ്മനത്തിന്റെ എതിര്‍പ്പ് തള്ളി; 'ആറന്‍മുള'യില്‍ പരിസ്ഥിതി പഠനത്തിന് വീണ്ടും അനുമതി; കേരള സര്‍ക്കാരും ഞെട്ടി: കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം തൃപ്തികരമെന്ന് കേന്ദ്രം

ഇവിടെ ആരത്രെ തെക്കോട്ടും വടക്കോട്ടും പോയാലും കേന്ദ്രത്തിലെ പിടി പോലിരിക്കും കാര്യങ്ങള്‍. ആറന്‍മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും പരിസ്ഥിതി പഠനത്തിന് കെജിഎസ് ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. കേന്ദ്ര വനം പരിസ്ഥി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം തൃപ്തികരമാണെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നു.
ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. ആറന്‍മുള വിമാനത്താവളത്തിനായി ഹരിത ട്രിബ്യൂണല്‍ എന്നേക്കുമായി അനുമതി നിഷേധിച്ചതാണ്. പദ്ധതിക്ക് അനുമതി നല്‍കികൊണ്ടു കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നല്‍കിയ ഉത്തരവും, വ്യവസായ മേഖലയാക്കി കൊണ്ടുള്ള ഉത്തരവും പിന്‍വലിച്ചാല്‍ വിമാനത്താവളത്തിന്റെ അവസാന സാധ്യതയും അടയും. വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കൃഷി ആരംഭിക്കണമെന്നും കുമ്മനം ജൂലൈയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെയാണ് കേന്ദ്രം വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ആറന്‍മുള വിമാനത്താവളത്തിനായുള്ള നിര്‍ദിഷ്ട പദ്ധതിപ്രദേശം പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിനായി കഴിഞ്ഞ ജൂലൈയിലാണ് കെഎജിഎസ് ഗ്രൂപ്പ് വനംപരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നുവെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത െ്രെടബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കാനായുള്ള അപേക്ഷ വീണ്ടും കേന്ദ്രത്തിന് നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്.
വിമാനത്താവളത്തിന്റെ റണ്‍വേ അതേപടി നിലനിര്‍ത്തണമെന്നും കൈത്തോടുകള്‍ പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. വിമാനത്താവളം തുടങ്ങണമെങ്കില്‍ പാരിസ്ഥിതിക അനുമതി, പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍.ഒ.സി., കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി എന്നിവ ആവശ്യമാണ്.
2005ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോളാണ് ആറന്‍മുള പദ്ധതിക്ക് അനുമതി നല്‍കുന്നത്. ഏകദേശം 700 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവള നിര്‍മ്മാണ പദ്ധതി. വിമാനത്താവള പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭം നടത്തിവരുകയാണ്. വിമാനത്താവളം വന്നാല്‍ അത് ഗുരുതരമായ പാരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പദ്ധതി പ്രദേശത്ത് നെല്ല് കൃഷിക്കുള്ള പരിപാടികളുമായി കേരളം കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ നീങ്ങുമ്പോഴാണ് ഇത്തരമൊരു ഉത്തരവ് എന്നത് സര്‍ക്കാരിനെയും ഞെട്ടിച്ചു. എത്ര തവണ മുടക്കിയിട്ടും അസ്ത്രം പോലെ ആറന്‍മുള വീണ്ടും വീണ്ടും വരുന്നത് എല്ലാ കക്ഷികളെയും ഞെട്ടിക്കുകയാണ്. കേന്ദ്രത്തിലെ പിടി തന്നെ കാര്യമെന്നാണ് ഡല്‍ഹി വാര്‍ത്ത.
https://www.facebook.com/Malayalivartha