പാമ്പാറില്‍ അണക്കെട്ട് നിര്‍മാണം തടയാന്‍ തമിഴ്‌നാട്

തങ്ങളുടെ കൃഷിയിടങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാനും വൈദ്യുതി ഉത്പാദനം മുടങ്ങാതിരിക്കാനും കേരളത്തില്‍ നിര്‍മിക്കുന്ന അണക്കെട്ടിനെതിരേ തമിഴ്‌നാട്. തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന പാമ്പാറിനു കുറുകെ പട്ടിശേരിയില്‍ കേരളത്തിന്റെ അണക്കെട്ട് നിര്‍മാണമാണു പ്രതിഷേധിച്ചും നിര്‍മാണസാമഗ്രികള്‍ വിട്ടുനല്‍കാതെയും തമിഴ്‌നാട് തടയുന്നത്. ഇതോടൊപ്പം കാര്‍ഷികാവശ്യത്തിനായി പാമ്പാറിന്റെ കൈവഴികളില്‍ മൂന്നുചെറിയ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള നീക്കവും പ്രതിസന്ധിയിലായി.
കീഴാന്തുര്‍ ടോപ്പ് മുതല്‍ കോവില്‍കടവ് വരെയുള്ള 1000 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം ലക്ഷ്യമിട്ട് പട്ടിശേരിയില്‍ രണ്ടുവര്‍ഷം മുമ്പാണ് അണക്കെട്ട് നിര്‍മാണം തുടങ്ങിയത്. 26 കോടി രൂപയാണ് ഇതിനു വകയിരുത്തിയത്. നിലവിലെ ചെറിയ തടയണ വലുതാക്കാനായിരുന്നു പദ്ധതി. കേരളത്തിന്റെ നീക്കമറിഞ്ഞ തമിഴ്‌നാട് സംഭവം വിവാദമാക്കി. അതിര്‍ത്തികളില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഉയര്‍ത്തിയെങ്കിലും എതിര്‍പ്പു വകവയ്ക്കാതെ കേരളം മുന്നോട്ടു നീങ്ങി. ഇതോടെ നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാനുള്ള നീക്കത്തിലാണു തമിഴ്‌നാട്. അണക്കെട്ട് നിര്‍മാണത്തിനെതിരേ കേസ് ഫയല്‍ ചെയ്ത് നിയമവഴിയില്‍ പ്രതിബന്ധം തീര്‍ക്കാനാണു ശ്രമം. തമിഴ്‌നാട്ടില്‍നിന്ന് നിര്‍മാണ സാധനങ്ങള്‍ എത്തിക്കുന്നത് തടയാനും സ്വാധീനം ചെലുത്തി ഉദ്യോഗസ്ഥരെ മാറ്റാനും നീക്കമുണ്ട്. നിര്‍മാണ സാമഗ്രികള്‍ കിട്ടാതായതോടെ അണക്കെട്ട് നിര്‍മാണം ഇഴയുകയാണ്.
ഇതുകൂടാതെയാണ് പാമ്പാറിന്റെ കൈവഴികളില്‍ കര്‍ഷകര്‍ക്കു സഹായകരമാകുന്ന മൂന്നു തടയണകളുടെ നിര്‍മാണ പദ്ധതി ഫയലില്‍ പുഴ്ത്തിയത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ ചെറിയ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കാണ് തുരങ്കം വച്ചത്. അതിര്‍ത്തി പ്രദേശത്ത് പദ്ധതിയുടെ സര്‍വേ എടുക്കുന്നതു പോലും തടഞ്ഞതോടെ ഈ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകുകയാണ്. പാമ്പാറില്‍ കേരളം അണക്കെട്ടു തീര്‍ത്താല്‍ ഇവിടെനിന്നുള്ള ജലത്തിന്റെ ലഭ്യത കുറയുമെന്നാണു തമിഴ്‌നാടിന്റെ ഭയം. പാമ്പാറിലെ ജലം അമരാവതിയില്‍ സംഭരിച്ച് തമിഴ്‌നാട് വൈദ്യുത പദ്ധതിയും ചീങ്കണ്ണിവളര്‍ത്തലും നടത്തുന്നുണ്ട്. ഹെക്ടര്‍ കണക്കിനു കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതും ഇവിടെ നിന്നാണ്.
അതിനിടെ പാമ്പാര്‍ സ്വന്തമാക്കാന്‍ തമിഴ്‌നാട് നീക്കം നടത്തുന്നെന്ന മംഗളം വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വനംമന്ത്രി കെ.രാജു ഉദ്യോഗസ്ഥരോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം.
തമിഴ്‌നാട്ടിലേ അമരാവതി അണക്കെട്ടിലേക്കു ജലമെത്തുന്ന പാമ്പാര്‍ സ്വന്തമാക്കാന്‍ തമിഴ്‌നാട് നീക്കം നടത്തുന്നതായും ഇതിന്റെ ഭാഗമായി പാമ്പാറിലേക്കു ജലമെത്തുന്ന ചിന്നാര്‍ പുഴ സ്വന്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ ജണ്ടയുമിട്ടു.
https://www.facebook.com/Malayalivartha