സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള പന്ത്രണ്ടായിരത്തോളം സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെയുള്ള 35 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ്ഹനീഷ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കല്‍ ആരംഭിച്ചു.
വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കും ചികിത്സയ്ക്കും കുടുംബങ്ങളിലെ സാമ്പത്തിക പ്രയാസം തടസ്സമാകരുതെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇന്‍ഷുറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്താനുള്ള ആലോചനയ്ക്ക് പിന്നിലുള്ളത്. പദ്ധതി നടപ്പാകുന്നതോടെ ഏഷ്യയില്‍തന്നെ പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ പുത്തന്‍ ഏടാകും ഈ പദ്ധതി. അപകട ചികിത്സയ്ക്കും മറ്റും 50,000 രൂപയുടെ സാമ്പത്തിക പരിരക്ഷ ഓരോ വിദ്യാര്‍ഥിക്കും നല്‍കാനാണ് ആലോചന. പദ്ധതി തയ്യാറാക്കിയശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ആദ്യപടിയായി ഉച്ചഭക്ഷണ പദ്ധതിത്തുകയും പാചകക്കൂലിയും വര്‍ധിപ്പിച്ചു. ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. ഉച്ചഭക്ഷണത്തിന് നിലവില്‍ അഞ്ചുരൂപ നല്‍കിയിരുന്നത് എട്ടുരൂപയായി വര്‍ധിപ്പിച്ചു. 250 കുട്ടികള്‍വരെയുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് ദിവസം എട്ടു രൂപയും 250 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഓരോ വിദ്യാര്‍ഥികള്‍ക്കും ഏഴു രൂപയും അനുവദിക്കും. ഒരു നേരം പാലും മുട്ടയും ഉറപ്പാക്കി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉച്ചഭക്ഷണത്തിന് ആവശ്യമായ തുക അനുവദിക്കാതിരുന്നതിനാലും വന്‍ തുക കുടിശ്ശികയാക്കിയതിനാലും കടക്കെണിയിലായിരുന്നു പ്രധാനാധ്യാപകര്‍.
സ്‌കൂള്‍ പാചകത്തൊഴിലാളി കൂലിയും വര്‍ധിപ്പിച്ചു. 400 രൂപയായി കൂലി ഉയര്‍ത്തി. ഏറ്റക്കുറച്ചിലുകള്‍ ഏകീകരിച്ചു. നേരത്തെ 150 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ 350 രൂപയും കൂടുതലുള്ള ഓരോ വിദ്യാര്‍ഥിക്കുമായി 25 പൈസയുമാണ് പാചകക്കൂലിയായി നല്‍കിയത്. എന്നാല്‍, എല്ലാ പാചകത്തൊഴിലാളികള്‍ക്കും വര്‍ധിപ്പിച്ച തുക ലഭിക്കും. പുതുക്കിയ തീരുമാനപ്രകാരം കൂലി പ്രത്യേകം അനുവദിക്കും. ഉത്തരവുകള്‍ വൈകാതെ പുറത്തിറങ്ങും.
https://www.facebook.com/Malayalivartha