എടിഎം തട്ടിപ്പുകാരെ സഹായിച്ച മലയാളി പിടിയില്‍, ആയുര്‍വേദ സ്ഥാപന ഉടമയുടെ പേരില്‍ സിം കാര്‍ഡ് എടുത്തു നല്‍കി

എടിഎം തട്ടിപ്പു കേസിലെ പ്രതികളായ റുമേനിയന്‍ സ്വദ്ദേശികള്‍ക്ക് വ്യാജതിരിച്ചറിയല്‍ രേഖകള്‍ ചമച്ച് സിംകാര്‍ഡ് നല്‍കിയ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. കോവളത്തെ ഹരിശ്രീ ഗ്യാലക്സി ഉടമ രഞ്ജിത്ത് കുമാര്‍ ആണ് കോവളം പൊലീസിന്റെ പിടിയിലായത്. ആയുര്‍വേദ സ്ഥാപനം നടത്തുന്ന കോവളം സ്വദേശിയുടെ വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് രഞ്ജിത്ത് റുമേനിയാണ് സ്വദേശികളായ പ്രതികള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയത് എന്ന് പോലീസ് അറിയിച്ചു.
മെബൈല്‍ കണക്ഷന്‍ എടുക്കാനാണ് കോവളം ജംഗ്ഷനിലെ ഹരിശ്രീ ഗ്യാലക്സി എന്ന കട നടത്തുന്ന രഞ്ജിത്തിനെ ആയുര്‍വേദ സ്ഥാപനം നടത്തുന്ന കോവളം സ്വദേശി സമീപിച്ചത്. ഇയാളില്‍ നിന്ന് ഒരു ഫോട്ടോയും തിരിച്ചറിയല്‍ രേഖയും അധികമായി വാങ്ങിയ രഞ്ജിത്ത് റുമേനിയന്‍ സ്വദ്ദേശികളായ തട്ടിപ്പ് സംഘത്തിന് പണം കൈപറ്റി സിംകാര്‍ഡ് വില്‍ക്കുകയായിരുന്നു. വ്യാജ തിരിച്ചരിയല്‍ രേഖകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച 8089874186 എന്ന ഡോക്കോമോ കണക്ഷനാണ് റുമേനിയന്‍ സംഘം ഉപയോഗിച്ചിരുന്നത്. കടയുടമ രഞ്ജിത്ത് ഇത്തരത്തില്‍ പല വിദ്ദേശികള്‍ക്കും സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയതായി പൊലീസിന് സംശയമുണ്ട്. രഞ്ജിത്തിനെതിരെ വ്യാജരേഖ ചമച്ചതിന് ഐപിസി 465, 468, 471 വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോവളം എസ്ഐ വി.അജയകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha