എ.ടി.എം. തട്ടിപ്പ്ഃ എസ്.ബി.ഐ. സെര്‍വര്‍ അപ്പാടെ ചോര്‍ത്തി

എടിഎമ്മിലെ പണം ഇടപാടുകള്‍ എത്രയോ എളുപ്പമായിരുന്നു. ഇപ്പോള്‍ അതിലും എളുപ്പത്തിലാണ് അക്കൗണ്ടില്‍ നിന്നും മിനിറ്റുവച്ച് പണം പോകുന്നത്. തട്ടിപ്പുകാരുടെ നോളജിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അധികൃതര്‍. എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു പിടികൂടിയ ഗബ്രിയേല്‍ മരിയന്‍ ഉള്‍പ്പെട്ട റൊമേനിയന്‍ സംഘം ചോര്‍ത്തിയതു കോടികളുടെ ബാങ്കിങ് രഹസ്യങ്ങള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വറില്‍നിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളാണു ഗബ്രിയേല്‍ മരിയന്‍ വിദേശത്തേക്കു കൈമാറിയത്. ജര്‍മനി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര തട്ടിപ്പുസംഘത്തിനാണു വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറിയതെന്നു തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.
സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. താന്‍ രാജ്യാന്തരതട്ടിപ്പുസംഘത്തിലെ കണ്ണി മാത്രമാണെന്നാണു ഗബ്രിയേലിന്റെ മൊഴി. പിന്‍വലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പോലീസിനോടു പറഞ്ഞു. രാജ്യാന്തരബന്ധം സംബന്ധിച്ച നിര്‍ണായകവിവരം ലഭിച്ചതോടെ സെര്‍വരില്‍നിന്ന് ഏതൊക്കെ വിവരങ്ങള്‍ ചോര്‍ന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നല്‍കാന്‍ പോലീസ് എസ്.ബി.ഐ. അധികൃതരോടു നിര്‍ദേശിച്ചു. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പോലീസ് കൈമാറിയത്. ഇതോടെ ബാങ്ക് ഉന്നതരും അമ്പരന്നു.
തിരുവനന്തപുരം ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്‌കിമ്മറില്‍നിന്ന് ഒരു കേബിള്‍ ബന്ധിപ്പിച്ചിരുന്നത് എസ്.ബി.ഐ. സെര്‍വര്‍ നെറ്റ്‌വര്‍ക്കിലേക്കാണെന്നു പോലീസ് സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലില്‍ ഗബ്രിയേലില്‍നിന്നു പോലീസ് പ്രധാനമായി അറിയാന്‍ ശ്രമിച്ചതും ഇക്കാര്യമാണ്. പിടി മുറുകിയെന്നു വ്യക്തമായതോടെ ഗബ്രിയേല്‍, ഐടി വിദഗ്ധന്‍കൂടിയായ തിരുവനന്തപുരം റേഞ്ച് ഐ.ജി: മനോജ് എബ്രഹാമിനു മുന്നില്‍ മനസ് തുറന്നു.
എസ്.ബി.ഐ. സെര്‍വറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങള്‍ വിദേശകവര്‍ച്ചാസംഘം പകര്‍ത്തിയത്. ഇവ ജര്‍മന്‍ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പോലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും തിരുവനന്തപുരത്തെ എസ്.ബി.ഐയുടെ വിവിധ എ.ടി.എമ്മുകളില്‍നിന്നായി അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചു മുംബൈയില്‍നിന്നു കൈക്കലാക്കിയത്.
ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാന്‍ മാത്രം റൊമേനിയയില്‍നിന്നു പ്രതികള്‍ കേരളത്തിലെത്തിയെന്നു വിശ്വസിക്കാന്‍ പോലീസ് തയാറായിരുന്നില്ല. അതേത്തുടര്‍ന്നുള്ള അന്വേഷണമാണു ബാങ്ക് സെര്‍വര്‍ വിവരങ്ങള്‍ അപ്പാടെ ചോര്‍ത്തിയെന്ന ഗുരുതരകുറ്റകൃത്യത്തിലേക്കു പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. മുംബൈകേരളാ പോലീസ് സൈബര്‍ വിഭാഗവും ഐടി തട്ടിപ്പുകള്‍, ഇന്റര്‍നെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
രാത്രി മുഴുവന്‍ നീണ്ട ചോദ്യംചെയ്യല്‍
തിരുവനന്തപുരം: എ.ടി.എം. തട്ടിപ്പുകേസില്‍ മുംബൈയില്‍നിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേല്‍ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ ചോദ്യംചെയ്തു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യല്‍ അവസാനിച്ചത്.
അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചു. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പോലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളപരിസരത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയെ നേരേ നന്ദാവനം എ.ആര്‍. ക്യാമ്പിലേക്കാണു കൊണ്ടുപോയത്. അവിടെയായിരുന്നു ചോദ്യംചെയ്യല്‍. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha