മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട് കോളേജില്‍ റാഗിങ്ങിനിരയായി

അശ്വതിക്ക് പിന്നാലെ കേരളത്തില്‍ നിന്നും റാഗിങ്ങിന് മറ്റൊരു ഇര കൂടി. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരത്തു സ്വാശ്രയ പോളിടെക്‌നിക് കോളേജില്‍ റാഗിങ്ങിനു വിധേയനായ വിദ്യാര്‍ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയില്‍ വീട്ടില്‍ തിരിച്ചെത്തിയത് ഉളിക്കല്‍ മണിപ്പാറയിലെ കെ.ജെ.പാനൂസിന്റെ മകന്‍ അജയ് (18) ആണ്.
കുലശേഖരപുരം ബിഡബ്ല്യുഡിഎ പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അജയ് കഴിഞ്ഞ ആറാം തീയതി രാവിലെയാണു റാഗിങ്ങിനു വിധേയനായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ചില വിദ്യാര്‍ഥികള്‍ സ്ഥിരമായി ശല്യപ്പെടുത്തുകയും പഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതായി അജയ് അധ്യാപകരോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.
തലയ്ക്കു പിന്നിലും ഇടതു കണ്ണിലും മര്‍ദനമേറ്റതിനെ തുടര്‍ന്ന് അജയ് നിര്‍ത്താതെ രക്തം ഛര്‍ദിച്ചു. ഹോസ്റ്റല്‍ മുറിയില്‍ മണിക്കൂറുകള്‍ അവശനായിക്കിടന്ന അജയിനെ, ഭക്ഷണം കഴിക്കാന്‍ ഉച്ചയോടെ ഹോസ്റ്റലിലെത്തിയ സഹപാഠികളാണു സമീപത്തെ ആശുപത്രിയില്‍ എത്തിച്ചതും വീട്ടില്‍ വിവരം അറിയിച്ചതും. പോളിടെക്‌നിക് കോളജ് അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയോ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്. ബന്ധുക്കള്‍ എത്തിയശേഷം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി.
അല്‍പ സമയം ഇരിക്കുകയോ നടക്കുകയോ ചെയ്താല്‍ തലകറക്കവും ഛര്‍ദിയുമുണ്ടാകും. കണ്ണ് അല്‍പം തുറക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി കാഴ്ചയില്ല.ഒരാഴ്ചയ്ക്കു ശേഷമേ കണ്ണിനു ശസ്ത്രക്രിയ നടത്താന്‍ കഴിയൂ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നു പാനൂസ് അറിയിച്ചു.റാഗിങ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസ് എടുക്കാന്‍ തമിഴ്‌നാട് പൊലീസും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികൃതരും തയാറായിട്ടില്ലെന്നു പാനൂസ് പറഞ്ഞു. ഇതുസംബന്ധിച്ചു പാനൂസ് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി.
https://www.facebook.com/Malayalivartha