എടിഎം തട്ടിപ്പു കേസിലെ പ്രതി ഗബ്രിയേലിനെ ആല്‍ത്തറ എസ് ബി ഐ ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം എടിഎം തട്ടിപ്പു കേസിലെ പ്രതി ഗബ്രിയേലിനെ ആല്‍ത്തറ എസ് ബി ഐ ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. രഹസ്യ ക്യാമറയും തട്ടിപ്പിനുപയോഗിച്ച ഉപകരണം സ്ഥാപിച്ച രീതിയും പൊലീസിന് ഗബ്രിയേല്‍ വിവരിച്ചു. ആവശ്യമെങ്കില്‍ ഇയാളെ ബോംബെയിലെത്തിച്ചു തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ന് രാവിലേ പതിനൊന്നരയോടെയാണ് പ്രതിയെ തെളിവെടുപ്പിന് ആല്‍ത്തറയിലെത്തിച്ചത്. തെളിവെടുപ്പിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം തിരിച്ചു. കേരളത്തിലെത്തിയ പ്രതികള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പ്രതികള്‍ക്ക് വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് ആരാണെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തലസ്ഥാനത്തെ നിരവധി ആളുകളുടെ അക്കൗണ്ടില്‍ നിന്ന് ഹൈടെക് സംവിധാനം ഉപയോഗിച്ച് പ്രതികള്‍ പണം ചോര്‍ത്തിയത്. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് രഹസ്യ പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം തട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെസെജ് ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ എസ്ബിടി എടിമ്മുകള്‍ ഉപയോഗിച്ചവര്‍ക്കാണ് പണം നഷ്ടമായതെന്ന് വ്യക്തമായിരുന്നു.
സംസ്ഥാനത്ത് ഹൈടെക് എ.ടി.എം കവര്‍ച്ച നടത്തിയ പ്രതികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും, സമാന കവര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനുമായി ഇന്റര്‍പോളിന് വയലറ്റ് കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തട്ടിപ്പു നടത്തിയവരുടെ പ്രവര്‍ത്തനശൈലി വച്ച് അന്വേഷണം വിപുലപ്പെടുത്തും. എടിഎം സുരക്ഷ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചര്‍ച്ച നടത്തുമെന്നും ഡിജിപി പറഞ്ഞു.
https://www.facebook.com/Malayalivartha