നാദാപുരം കൊലപാതകം; സി.പി.എമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

നാദാപുരത്ത് കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിലൂടെ സി.പി.എം നടപ്പാക്കിയത് പാര്‍ട്ടികോടതിയുടെ വിധിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം അതീവഗൗരവമുള്ളതാണെന്നും നാദാപുരത്തിന്റെ പശ്ചാത്തലം മനസ്സിലാക്കി അവിടെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയലിലെ ജോലിക്ക് വരമ്പത്ത് കൂലിയെന്ന കോടിയേരിയുടെ പ്രസ്താവന ഈ കൊലപാതകത്തോട് കൂട്ടിവായിക്കാവുന്നതാണ്. കോടതി വെറുതെ വിടുന്നവരെ വധശിക്ഷക്ക് വിധേയമാക്കുന്നത് സി.പി.എമ്മിന്റെ കാടത്തമാണ്. ഈ നടപടി അവസാനിപ്പിക്കാന്‍ തയാറാകണം. പ്രതിയെ കോടതി വെറുതെ വിട്ടതില്‍ പരാതിയുണ്ടെങ്കില്‍ നിയമവ്യവസ്ഥ അനുസരിച്ച് അപ്പീല്‍ പോകാനുള്ള സാഹചര്യം നിലവിലുണ്ട്. മറ്റ് ധാരാളം നിയമമാര്‍ഗങ്ങളുമുണ്ട്. അത് കണക്കിലെടുക്കാതെ പാര്‍ട്ടി കോടതിയുടെ വിധി നടപ്പാക്കിയ സി.പി.എം നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കോടിയേരി അടക്കമുള്ള നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ ഇത്തരം അക്രമസംഭവങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. പൊലീസിന്റെ ജാഗ്രതക്കുറവാണ് നാദാപുരത്ത് വീണ്ടും കൊലപാതകം ഉണ്ടാകാന്‍ കാരണം. ഇതേക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണമാണ് ഉണ്ടാകേണ്ടത്.
കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം. പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് പ്രതികളെ കണ്ടെത്താനുള്ള ഉചിതമായ ശ്രമം നടത്തണം. കോടതി വെറുതെ വിട്ടാലും ഇവരെ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ നേരത്തെ വന്നിരുന്നതായാണ് മനസ്സിലാകുന്നത്. ഇതുപോലെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുപോലും പൊലീസ് ജാഗ്രത പാലിച്ചില്ലെന്ന പരാതിയാണ് ആ പ്രദേശത്ത് നിന്ന് ഉയര്‍ന്നുവരുന്നത്. ഈ കാര്യത്തില്‍ ഗൗരവത്തോടെ പൊലീസ് പ്രവര്‍ത്തിക്കണം. ശക്തമായ നടപടിയുണ്ടാകണം. നാദാപുരത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ നടപടിയും യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാകും. ജനങ്ങള്‍ സംയമനം പാലിക്കണം. ഒരുവിധത്തിലും നാദാപുരത്ത് പ്രശ്‌നങ്ങള്‍ കൈവിട്ടുപോകാതിരിക്കാനുള്ള നടപടി ഉണ്ടാകണം എന്നാണ് എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നാദാപുരത്ത് പ്രത്യേകമായ ജാഗ്രത പാലിച്ചിരുന്നത് കൊണ്ടാണ് അന്നുണ്ടായ കൊലപാതകത്തിന് ശേഷം പിന്നീട് സംഘര്‍ഷങ്ങളുണ്ടാകാതെ പോയത്. നാദാപുരത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ ഏത് നടപടി സ്വീകരിച്ചാലും അതിനോട് സഹകരിക്കാന്‍ യു.ഡി.എഫ് തയാറാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
കേരളത്തില്‍ അക്രമസംഭവങ്ങള്‍ ഓരോ ദിവസവും പെരുകുകയാണ്. തിരുവനന്തപുരത്ത് വണ്ടന്നൂരില്‍ ഒരാളെ വെട്ടിക്കൊന്നു. തൃശൂരില്‍ ഒല്ലൂരില്‍ ഒരു എസ്.ഐക്കും പൊലീസുകാര്‍ക്കും ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റു. ഗുണ്ടകളുടെ താവളമായി കേരളം മാറിയോ എന്ന് സംശയമുണ്ട്. ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സാമൂഹിക വിരുദ്ധന്മാരെയും അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്. ശക്തമായ നടപടികളുടെ അഭാവമാണ് ഇത്തരം അക്രമങ്ങള്‍ ഓരോദിവസവും വര്‍ധിച്ചുവരുന്നതിന്റെ കാരണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha