അമ്മയുടെ രണ്ടു കൈകളിലെയും മാംസം നായ്ക്കള്‍ കടിച്ചുതിന്നിരുന്നു: കൊല്ലപ്പെട്ട ശിലുവമ്മയുടെ മകന്‍ സെല്‍വിരാജ് പറയുന്നു

ഇക്കഴിഞ്ഞ 19-ാം തീയതി രാത്രി തിരുവനന്തപുരം ചെമ്പകരാമന്‍തുറ പുല്ലുവിള സ്വദേശി ശിലുവമ്മ തെരുവ് നായ്ക്കളുടെ ആക്രമണത്താല്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ പറ്റി കൊല്ലപ്പെട്ട ശിലുവമ്മയുടെ മകന്‍ സെല്‍വിരാജ് പറയുന്നതിങ്ങനെ:
ഒരു മണിക്കൂറായിട്ടും രാത്രിയില്‍ പുറത്തേയ്ക്കു പോയ അമ്മയെ കാണാതായിട്ട് അന്വേഷിച്ചിറങ്ങിയതാണു ഞാന്‍. കടല്‍ത്തീരത്തു കുറച്ചകലെയായി നായ്ക്കൂട്ടം എന്തോ കടിച്ചുവലിക്കുന്നതു കണ്ടു. രാത്രിയിലായിരുന്നതിനാല്‍ വ്യക്തമായിരുന്നില്ല. അടുത്തെത്തിയപ്പോഴാണു കടിച്ചു വലിക്കുന്നത് അമ്മയുടെ കൈകളെയാണെന്നു തിരിച്ചറിയുന്നത്.മണല്‍ വാരി എറിഞ്ഞുകൊണ്ടു നിലവിളിയോടെ അമ്മയുടെ അരികിലേക്ക് ഓടി. അപ്പോഴേക്കും അവറ്റകള്‍ എന്റെ നേരേ തിരിഞ്ഞു. എന്നെയും കടിച്ചു കീറുമെന്നായപ്പോള്‍ ഞാന്‍ പേടിച്ചു കടലിലേക്കു ചാടി രക്ഷപ്പെട്ടു. പിന്നെ എന്റെ ബഹളം കേട്ടാണ് മറ്റുള്ളവരെത്തി നായ്ക്കളെ ഓടിച്ചത്. അമ്മയ്ക്ക് അപ്പോള്‍ ചെറിയ ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ വിളിച്ചതൊന്നും അമ്മ കേട്ടതായി തോന്നുന്നില്ല. രണ്ടു കൈകളിലെയും മാംസം നായ്ക്കള്‍ കടിച്ചുതിന്നിരുന്നു. തലയുടെ ഒരു വശവും, മുടി ഉള്‍പ്പെടെ അവറ്റകള്‍ പിച്ചിച്ചീന്തി വികൃതമാക്കി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അതിനുമുന്‍പേ അമ്മയുടെ ബോധം മറഞ്ഞിരുന്നു.
രാത്രി ഏഴരയോടെയാണ് 65കാരിയായ ശിലുവമ്മയെ അന്‍പതിലേറെ വരുന്ന നായ്ക്കൂട്ടം കടിച്ചുകീറി കൊന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പരിസരത്തെ മറ്റൊരു വീട്ടമ്മയെയും നായ്ക്കള്‍ ആക്രമിച്ചിരുന്നു. വീടുകളില്‍ സൗകര്യമില്ലാത്തതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രണം.
https://www.facebook.com/Malayalivartha