തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തക സമ്മേളനത്തില്‍ അടിപിടിയും കസേരയേറും; കലി തീരാതെ പുതുശേരിയുടെ ഫോട്ടോയും തച്ചുടച്ചു

തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരി വിഭാഗവും വിക്ടര്‍ ജോസഫ് വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയുടെ വക്കത്തെത്തി. പുറത്താക്കിയ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ കയ്യാങ്കളിയും കസേരയേറിലുമാണ് അവസാനിച്ചത്. അടിപിടിക്കൊടുവില്‍ സംസ്ഥാന സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും അടക്കമുള്ള ഒരു വിഭാഗം യോഗത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ യോഗം തുടരുകയും യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. ഇന്നലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഘര്‍ഷം. യോഗത്തിനു ശേഷം പാര്‍ട്ടി ഓഫിസിലെ നേതാക്കളുടെ പടങ്ങളുടെ കൂട്ടത്തില്‍ നിന്ന് ജോസഫ് എം. പുതുശേരിയുടെ ചിത്രം എടുത്തു മാറ്റി പുറത്തുകൊണ്ടുപോയി തല്ലി തകര്‍ക്കുകയും ചെയ്തു. പാര്‍ട്ടിയുടെ അംഗത്വവിതരണ ക്യാംപെയ്‌നും ജില്ലാ സമ്മേളനവും വിജയമാക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിനാണ് ഇന്നലെ ജില്ലാ പ്രവര്‍ത്തക സമ്മേളനം വിളിച്ചുചേര്‍ത്തത്.
യോഗത്തിനു മുന്‍പു തന്നെ, പുറത്താക്കപ്പെട്ട യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരായ വി.ആര്‍. രാജേഷ്, ജേക്കബ് മാമ്മന്‍, ബിനു കുരുവിള എന്നിവരടക്കമുള്ള പ്രവര്‍ത്തകര്‍ യോഗസ്ഥലത്തിനു സമീപം ജോസഫ് എം. പുതുശേരിയുടെ കോലം കത്തിക്കുകയും പുതുശേരിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നീട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രകടനം യോഗഹാളിനകത്തെത്തി. അധ്യക്ഷനായ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് യോഗ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇവര്‍ എത്തുന്നത്. ഇവര്‍ ഇവിടെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഇവരോട് ശാന്തരായിരിക്കാന്‍ യോഗാധ്യക്ഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇത്തരത്തില്‍ കയറിവന്നവരെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതിന്റെ ഔചിത്യം മറുവിഭാഗം ചോദ്യം ചെയ്തു. ഇതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. നേരത്തേ ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ നേതൃത്വം നല്‍കിയ ആള്‍ക്കെതിരെ പരാതി നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നും അത് എങ്ങനെ സംഘടനാ വിരുദ്ധമാവുമെന്നുമായി പ്രകടനക്കാര്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാം ഈപ്പനു നേരെയും ഇവര്‍ കയര്‍ത്തു. നേരത്തേ ജില്ലാ പ്രസിഡന്റിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അത്. അധികം വൈകാതെ കസേരയേറും കയ്യാങ്കളിയും തുടങ്ങി.
പ്രകടനക്കാരില്‍ ചിലര്‍ ഷട്ടറുകളും താഴ്ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡി.കെ. ജോണ്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ സാം ഈപ്പന്‍, സജി അലക്‌സ്, തോമസ് മാത്യു ഇടയാറന്മുള, ടി.എസ്. ടൈറ്റസ് എന്നിവരടക്കം ഇരുപതോളം പേരായിരുന്നു ഒരുപക്ഷത്ത്. തുറന്നുകിട്ടിയ ഒരു ഷട്ടര്‍ വഴി ഇവര്‍ പുറത്തുകടന്ന് സ്ഥലം വിടുകയായിരുന്നു.
ഇതോടെ അകത്ത് യോഗം പുനരാരംഭിക്കുകയും ചെയ്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച വിക്ടര്‍ ടി. തോമസ് പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടിക്കെതിരെ വികാരനിര്‍ഭരമായി സംസാരിച്ചു. നടപടി പിന്‍വലിക്കണമെന്ന് ഒറ്റക്കെട്ടായി സമ്മേളനം ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ കയ്യടിച്ച് ആ തീരുമാനത്തെ സ്വാഗതം ചെയ്തു. വീണ്ടും പുതുശേരിക്കെതിരെ മുദ്രാവാക്യം വിളിച്ച ശേഷം പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ യോഗം നടന്നുകൊണ്ടിരിക്കെ ഹാളിനകത്തേക്കു കയറി പുതുശേരിയുടെ പടം എടുത്തുമാറ്റി പുറത്തിട്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ അച്ചടക്ക നടപടി ആദ്യത്തെ സംഭവമല്ലെന്നും അച്ചടക്ക നടപടി നേരിട്ടവര്‍ പ്രതിഷേധത്തിന്റെ പേരും പറഞ്ഞ് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നത് ആദ്യത്തെ സംഭവമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ചെറിയാന്‍ പോളച്ചിറയ്ക്കല്‍ പറഞ്ഞു.
എല്ലാ നടപടികളും പൂര്‍ത്തിയാക്കി തെളിവെടുപ്പ് വരെ നടത്തിയ ശേഷം പാര്‍ട്ടി ചെയര്‍മാന്‍ എടുത്ത പുറത്താക്കല്‍ നടപടിയെ ജില്ലാ കമ്മിറ്റി എങ്ങനെ ചോദ്യം ചെയ്യുമെന്നും ജില്ലാ പ്രസിഡന്റിന്റെ ഒത്താശയോടെയാണ് അക്രമം നടന്നതെന്നും ഇറങ്ങിപ്പോയ വിഭാഗം പറയുന്നു. ജില്ലാ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ നാലിന് നടത്തുന്നതിന് ഏബ്രാഹം കലമണ്ണിലിനെ ജനറല്‍ കണ്‍വീനറാക്കി കമ്മിറ്റി രൂപവല്‍ക്കരിച്ചതായും എല്ലാ മണ്ഡലങ്ങളിലും അംഗത്വ വിതരണം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചതായും പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് അറിയിച്ചു. യോഗം ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ജോസ് കെ. മാണി എംപി എത്തിയില്ല.
https://www.facebook.com/Malayalivartha