കരുണാകരനു ശേഷം കിട്ടിയ ലീഡറാണ് പിണറായി; എസ്.എന്‍.ഡി.പി സ്‌കൂളുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാര്‍: വെള്ളാപ്പള്ളി

കെ.കരുണാകരന് ശേഷം കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശക്തനും പ്രയോഗികതയുമുള്ള ലീഡറായി മാറാന്‍ പിണറായിക്ക് കഴിഞ്ഞിട്ടുണ്ട്. കെ.കരുണാകരന്‍ എന്ന ലീഡറേ കേരളത്തിന് ഉണ്ടായിരുന്നുള്ളൂ എന്നും പിണറായിയുടെ വരവോടെ മറ്റൊരു ലീഡറെക്കൂടെ കേരളത്തിന് ലഭിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് പിണറായി. മുഖ്യമന്ത്രിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ച ചിലര്‍ക്ക് ഇഷ്ടമായിട്ടില്ലെന്നും അവര്‍ ഈ കൂടിക്കാഴ്ചയെ വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് യോജിക്കുന്നുവെന്നും ആവശ്യപ്പെട്ടാല്‍ എസ്.എന്‍.ഡി.പിയുടെ സ്‌കൂളുകളും കോളജുകളും സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശനങ്ങളെ ശരിവച്ചും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha