മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ. കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തിലേറെ നീണ്ട സര്‍വീസ് ജീവിതം അവസാനിപ്പിച്ച് 2015 ജൂണ്‍ എട്ടിന് മാതൃഭൂമിയില്‍ നിന്ന് ഇറങ്ങിയ ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. 1953ല്‍ സബ് എഡിറ്ററായി മാതൃഭൂമിയില്‍ പ്രവേശിച്ച ശ്രീധരന്‍ നായര്‍ സീനിയര്‍ സബ് എഡിറ്റര്‍, ചീഫ് സബ്എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചു.
1990 മുതല്‍ പത്ത് വര്‍ഷത്തോളം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് പീരിയോഡിക്കല്‍സ് വിഭാഗം എഡിറ്ററായി. മലയാളപത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടുകൂടി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റാണ് അദ്ദേഹം.
പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അര്‍ഹനായിട്ടുണ്ട്. 2011 ജനുവരിയില്‍ ജാനു ഉണിച്ചെക്കന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിനും അര്‍ഹനായി.
പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി 1930 ഓഗസ്റ്റ് 10 നാണ് ജനനം. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടി.
നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി. പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. മക്കള്‍: എസ്. ഇന്ദിരാ നായര്‍, എസ്. അജിത്കുമാര്‍.
https://www.facebook.com/Malayalivartha