മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരുമായിരുന്ന കെ.കെ.ശ്രീധരന്‍നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരുമായിരുന്ന കെ.കെ.ശ്രീധരന്‍നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ശ്രീധരന്‍ നായര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍.
ആറു പതിറ്റാണ്ടിലേറെ നീണ്ട മാധ്യമ പ്രവര്‍ത്തന ജീവിതം. സബ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് തുടങ്ങി പത്രാധിപ സ്ഥാനം വരെയുളള പദവികളിലെത്തിയ കര്‍മകാണ്ഠം. സവിശേഷതകളൊരുപാടുണ്ടായിരുന്നു കെ.കെ.ശ്രീധരന്‍നായര്‍ എന്ന മാധ്യമപ്രവര്‍ത്തകന്. ആലുവ യുസി കോളജും, എറണാകുളം മഹാരാജാസ് കോളജും, ലോ കോളജുമടക്കമുളള സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദ ഡിപ്ലോമയോടെ ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ മലയാളി പത്രപ്രവര്‍ത്തകന്‍ എന്ന പ്രത്യേകതയുമായാണ് 1953ല്‍ ശ്രീധരന്‍നായര്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായിചേര്‍ന്നത്.
തുടര്‍ന്ന് പടവുകളോരാന്നായി ചവിട്ടിക്കയറി 1990ല്‍ എഡിറ്ററായി. പത്തു വര്‍ഷം ആ തസ്തികയില്‍ തുടര്‍ന്നു. പിന്നീട് സമാനതസ്തികയില്‍ ആനുകാലിക വിഭാഗത്തിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനകള്‍ വിലയിരുത്തി കേളപ്പജി പുരസ്‌കാരമടക്കമുളള അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്. പരേതയായ പത്മിനി എസ് നായരാണ് ഭാര്യ.രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha