സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഫീസ് സംബന്ധമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു; മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

സംസ്ഥാനത്തെ 18 സ്വാശ്രയ ഡെന്റല്‍ മാനേജ്‌മെന്റുകളുമായി ഫീസ് ഘടന സംബന്ധിച്ചു കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് ഉണ്ടാക്കിയ ധാരണ ഇന്നലെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയായി തുടരുന്ന അനിശ്ചിതത്വം കൂടുതല്‍ രൂക്ഷമായി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വ്യക്തത ഇല്ലാതായതോടെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം കുഴഞ്ഞുമറിയുകയാണ്.
പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ആശങ്കയിലും കോളജ് മാനേജ്‌മെന്റുകള്‍ പ്രതിസന്ധിയിലുമായി. സെപ്റ്റംബര്‍ 30 നു മുമ്പു മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടിനെതിരേ മാനേജ്‌മെന്റുകള്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഡെന്റല്‍ പ്രവേശനം സംബന്ധിച്ച് ധാരണ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയില്ലെന്നുമാണു ഫീസ്ഘടന സംബന്ധിച്ച ധാരണയില്‍ നിന്നുള്ള പിന്മാറ്റത്തിനു കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്. ഡെന്റല്‍ പ്രവേശനം എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒരു ധാരണയുമില്ലാത്ത അവസ്ഥയാണ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റുകളിലും സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്തുമെന്നു കാട്ടി ഇന്നലെ വിശദമായ ഉത്തരവ് ആരോഗ്യ സെക്രട്ടറി പുറത്തിറക്കി.
മൂന്നു വര്‍ഷത്തേയ്ക്കു കരാര്‍ ഒപ്പുവച്ച ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളിലും ഇക്കുറി അലോട്ട്‌മെന്റ് പൂര്‍ണമായും സര്‍ക്കാര്‍ നടത്തുമെന്ന് ഉത്തരവില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലെ കരാറില്‍ നിന്നു വ്യതിചലിക്കുന്ന നിലപാടാണ് അലോട്ട്‌മെന്റ് കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ക്രിസ്ത്യന്‍ മാനേജ്‌മെന്റുമായി ഒപ്പുവച്ച കരാറില്‍ ഫീസ് ഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ കോളജുകളില്‍ കരാര്‍പ്രകാരം മെരിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലെ ഏകീകൃത ഫീസ് 4.4 ലക്ഷം രൂപയാണെന്ന് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എന്‍ആര്‍ഐ സീറ്റില്‍ 12 ലക്ഷമായിരിക്കും ഫീസ്.
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ കല്പിത സര്‍വകലാശാലകളിലെയും മെരിറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശന അലോട്ട്‌മെന്റ് പരീക്ഷാ കമ്മീഷണര്‍ തന്നെ നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. 50 ശതമാനം മെരിറ്റ് സീറ്റിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്നും മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് സിബിഎസ്ഇ പ്രസിദ്ധീകരിച്ച നീറ്റ് പട്ടികയില്‍ നിന്നും പ്രവേശനം നടത്താനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, എത്ര രൂപയാണു ഫീസ് ഈടാക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല.
ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലെ 50 മെരിറ്റ് സീറ്റുകളില്‍ 15 എണ്ണത്തിലേക്ക് കോളജ് മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നല്‍കണമെന്നാണു മറ്റൊരു നിര്‍ദേശം.
പരിയാരം മെഡിക്കല്‍ കോളജിലെയും മറ്റു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും മെരിറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് നിരക്ക് പിന്നീടു തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
https://www.facebook.com/Malayalivartha