സെപ്തംബര്‍ രണ്ടിന് പൊതുപണിമുടക്ക്, ഒന്നിന് അര്‍ദ്ധരാത്രി 12മണിക്ക് ആരംഭിച്ച് സെപ്റ്റംബര്‍ 2ന് അര്‍ദ്ധരാത്രി 12മണിക്ക് അവസാനിക്കും

സെപ്തംബര്‍ രണ്ടിന് പൊതുപണിമുടക്ക്. ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പൊതുപണിമുടക്കില്‍ ജില്ലയില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും 12ഇന അവകാശപത്രിക മുന്നോട്ടു വച്ചുമാണ് 24മണിക്കൂര്‍ പണിമുടക്ക്.
സെപ്റ്റംബര്‍ ഒന്നിന് അര്‍ദ്ധരാത്രി 12മണിക്ക് ആരംഭിച്ച് സെപ്റ്റംബര്‍ 2ന് അര്‍ദ്ധരാത്രി 12മണിക്ക് അവസാനിക്കും. പത്രം, പാല്‍, ആശുപത്രി, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് ദിവസം രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് പ്രകടനമാരംഭിച്ച് സ്റ്റാച്യുവിലെ സമരകേന്ദ്രത്തില്‍ അവസാനിക്കും.അവിടെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംസ്ഥാനനേതാക്കള്‍ സത്യഗ്രഹമിരിക്കും.
വൈകിട്ട് 6മണിക്ക് സമരകേന്ദ്രത്തില്‍ നിന്ന് പ്രകടനമാരംഭിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സമാപിക്കും. ആഗസ്റ്റ് 31ന് പഞ്ചായത്ത്, ലോക്കല്‍ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. സെപ്തംബര്‍ ഒന്നിന് എല്ലായിടത്തും വിളംബരജാഥകള്‍ നടത്തും. ഏരിയാ, പഞ്ചായത്ത് കേന്ദ്രങ്ങളിലും പണിമുടക്കുന്ന തൊഴിലാളികള്‍ പങ്കെടുക്കുന്ന സമരകേന്ദ്രങ്ങളുണ്ടാകും.
https://www.facebook.com/Malayalivartha