പട്ടികള്‍ നാടിന് ശാപമാകുന്നു... പട്ടി കടിച്ച് സാരമായി പരിക്കേറ്റ അലന് പ്ലാസ്റ്റിക് സര്‍ജറി നടത്തി

പട്ടികടിയേറ്റ് സാരമായി പരിക്കേറ്റ കൊല്ലം മാറനാട് സ്വദേശി അലന്(4) എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ ഉടന്‍ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തി. അലന്റെ ചുണ്ട് പട്ടി കടിച്ചു കീറിയിരുന്നു. ചുണ്ടിലുള്ള ആഴത്തിലുള്ള മുറിവായതു കൊണ്ടാണ് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുറിവ് തുന്നിക്കെട്ടിയത്.
കൊല്ലം പുത്തൂര്‍ ചിറ്റാകോട് വട്ടമണ്‍കാവ് പെരുമ്പള്ളില്‍ വീട്ടില്‍ ബിനു പണിക്കരുടെ മകന്‍ നാലു വയസ്സുകാരന്‍ അലനാണ് ആക്രമണത്തില്‍ സാരമായി പരുക്കേറ്റത്. കീഴ്ചുണ്ടിനു താഴേക്കു കീറിയ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി ഇന്നു വൈകുന്നേരം 5.10നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ പ്രിവന്റീവ് ക്ലിനിക്കിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം പ്രതിരോധ കുത്തിവയ്‌പ്പെടുക്കുകയും സര്‍ജറി, ദന്തല്‍ വിഭാഗങ്ങളില്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുറിവ് തുന്നിക്കെട്ടാന്‍ തീരുമാനമായത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അമ്മ സുജയുടെ പിന്നാലെ പുറത്തേക്കിറങ്ങിയതായിരുന്നു അലന്‍. ഈ സമയം പാഞ്ഞെത്തിയ നായ അലനെ തള്ളിവീഴ്ത്തി മുഖത്തു കടിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സുജ കൈയിലിരുന്ന പാത്രം കൊണ്ട് അടിച്ചെങ്കിലും നായ കടിവിട്ടില്ല. ഒടുവില്‍ നായയെ കാലില്‍ തൂക്കിയെടുത്ത് എറിഞ്ഞാണു സുജ അലനെ രക്ഷിച്ചത്.
ഇതിനിടയില്‍ സുജയ്ക്കും കടിയേറ്റു. പിന്നീടു നായ ഇഷ്ടിക കമ്പനിയില്‍ ജോലിചെയ്യുന്ന ബംഗാള്‍ സ്വദേശിയായ സുജനെ(19)യും കടിച്ചു പരുക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ ശ്രീദേവി വിലാസത്തില്‍ ബി.സന്തോഷ്‌കുമാര്‍ (40), മണ്ണൂരഴികത്ത് വടക്കതില്‍ എ.ബാബു (46) എന്നിവര്‍ക്കും നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്നു നായയെ തല്ലിക്കൊന്നു. ഇതിനിടയില്‍ അഞ്ചു മണിക്കൂറോളം പ്രദേശത്തു പരിഭ്രാന്തി പരത്തി പാഞ്ഞു നടക്കുകയായിരുന്നു. ഒട്ടേറെ വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റു.
https://www.facebook.com/Malayalivartha