തെരുവുനായ ആക്രമണം രൂക്ഷമാകുന്നു: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു

എഴുകോണില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരനു തെരുവു നായയുടെ കടിയേറ്റു. കുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു. എഴുകോണ്‍ വട്ടമണ്‍കാവ് പെരുമ്പള്ളില്‍ വീട്ടില്‍ ബിനു പണിക്കരുടെയും സുജാ പണിക്കരുടെയും മകന്‍ അലന്‍ ബി. പണിക്കര്‍ക്കാണ് തെരുവുനായയുടെ ആക്രമണമേറ്റത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലനു പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തീരുമാനിച്ചു. അലന്റെ ചുണ്ട് പട്ടി കടിച്ചു കീറിയിരുന്നു. ചുണ്ടിലുള്ള ആഴത്തിലുള്ള മുറിവായതു കൊണ്ടാണ് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുറിവ് തുന്നിക്കെട്ടുന്നത്.
ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടുമുറ്റത്ത് അലന്‍ കളിച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ തെരുവുനായ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. മുഖത്തും ചുണ്ടിലും ശരീരത്തിലും കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയെയും നായ ഓടിച്ചിട്ടു കടിച്ചു. നാട്ടുകാര്‍ എത്തിയാണ് നായയെ ഓടിച്ചത്.
കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെ പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha