കൊക്കൂണ്‍ അന്വേഷണം മനോജ് എബ്രഹാമിലേക്ക്

കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം അഷ്ടമുടി റാവീസില്‍ നടന്ന കൊക്കൂണ്‍ 2016 സെമിനാറില്‍ സംഭവിച്ച അധികാര ദുര്‍വിനിയോഗത്തേയും ധൂര്‍ത്തിനേയും കുറിച്ച് സംസ്ഥാന വിജിലന്‍സ് ആരംഭിച്ച അന്വേഷണം പ്രധാനമായും ലക്ഷ്യമിടുന്നത് ഐ.ജി മനോജ് എബ്രഹാമിനെയാണെന്നു സൂചന. ഉന്നതന്‍ കേസില്‍ പ്രതിയാകുമെന്നു തന്നെയാണ് വിജിലന്‍സ് ഉന്നതര്‍ നല്‍കുന്ന സൂചന. കൊക്കൂണില്‍ വ്യാപകമായ അഴിമതി നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് പോലീസിംഗ് കോണ്‍ഫറന്‍സാണ് കൊക്കൂണ്‍. അഴിമതി വിവരങ്ങള്‍ പതിയെ പതിയെ ചോര്‍ന്നു തുടങ്ങിയപ്പോള്‍ ഒരു എസ്പിയും പരിപാടിയുടെ അവതാരകയും തമ്മിലുള്ള കശപിശ വാര്‍ത്തയാക്കിയതിനു പിന്നിലും ഗൂഢലക്ഷ്യം ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണക്കു കൂട്ടല്‍.
സെമിനാറിനു ചുക്കാന്‍ പിടിച്ച ഉന്നതനെതിരെയാണ് അന്വേഷണം. അത് മനോജ് എബ്രഹാമാണെന്നാണ് കൊക്കൂണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാവും. ഹോട്ടല്‍ മാനേനജ്‌മെന്റുമായും രഹസ്യ ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സിന് തെളിവു ലഭിച്ചു.
കായല്‍കൈയേറിയാണ് കൊല്ലം രവീസ് നിര്‍മ്മിച്ചത്. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ സിപിഎം ഉന്നതന്റെ മകന്‍ ഹോട്ടല്‍ മുതലാളിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ കേസിലൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായകസഹായങ്ങള്‍ പോലീസ് ഉന്നതനില്‍ നിന്നും ഹോട്ടലുടമയ്ക്ക് ലഭിച്ചതായി വിജിലന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്.
സെമിനാറില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയ കരാറുകാരനുമായും പോലീസ് ഉന്നതന് ബന്ധമുണ്ടെന്നും വിജിലന്‍സ് കരുതുന്നു. സെമിനാറിന് സാധനങ്ങള്‍ വാങ്ങിയത് ഒരു വിവാദ കരാറുകാരന്‍ വഴിയാണ്. സെമിനാറിന് തലേന്ന് ചില വിവാദ നായകന്‍മാര്‍ ഹോട്ടലിലെത്തി തമ്പടിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടലില്‍ മദ്യ സത്കാരം നടത്താന്‍ അനുവാദമില്ലാതിരിക്കെ മദ്യം വിളമ്പിയതും വിവാദമാകുന്നു. നേരത്തെ മനോജ് എബ്രഹാം എസ്പിയായ രാഹുല്‍ നായര്‍ക്ക് ഇതേ മട്ടില്‍ പണി കൊടുത്തിരുന്നു.
https://www.facebook.com/Malayalivartha