മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സ് ആപ് ഗ്രൂപ്പില്‍ പരിഹാസ പ്രചാരണം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

വാട്‌സ് ആപ് ഗ്രൂപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ അസ്‌കറിനെയാണ് ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സസ്‌പെന്‍ഡ് ചെയ്തത്. ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ 'സഹപ്രവര്‍ത്തകര്‍' എന്ന ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അസ്‌കര്‍ പ്രചരിപ്പിച്ചത്.
പ്രവൃത്തിദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് അസ്‌കര്‍ വിവാദമാക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി ഓഫീസുകളിലെ ഓണാഘോഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നതുള്‍പ്പെടെ തെറ്റായ വിവരങ്ങള്‍ അടങ്ങിയ സന്ദേശത്തില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങളും ഉണ്ട്.
ഒരു മലയാളി മുഖ്യമന്ത്രിക്കയക്കുന്ന കത്ത് എന്ന രീതിയിലാണ് സന്ദേശം.
മറ്റൊരു വാട്‌സാപ്പ് സന്ദേശം 'ശബരിമല അയ്യപ്പനോട് മുഖ്യമന്ത്രി പ്രവര്‍ത്തിസമയം കൂട്ടാന്‍ ആവശ്യപ്പെട്ടു' എന്നാണ് ആരംഭിക്കുന്നത്. ഈ സന്ദേശത്തിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ആണ് ഉള്ളത്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി അയ്യപ്പനോട് മുഖ്യമന്ത്രി ഷര്‍ട്ട് എടുത്തിടാന്‍ ആവശ്യപ്പെട്ടെന്നും ശബരിമലയില്‍ ഇനി പ്രസാദമായി ബീഫ് ചില്ലി നല്‍കും എന്നുമൊക്കെയാണ് പരാമര്‍ശങ്ങള്‍.
പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അസ്‌കര്‍ നടത്തിയത് ചട്ടവിരുദ്ധമായ പ്രവൃത്തിയാണെന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആരോപണം ഉന്നയിച്ചതോടെ സംഭവം പുറത്തറിഞ്ഞു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അസ്‌കറിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി പി പി സദാനന്ദന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha


























