ഹജ്ജിനു പോയ ഹാജിമാരുടെ ആദ്യസംഘം ഇന്ന് തിരിച്ചെത്തും

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനുപോയ ഹാജിമാരുടെ ആദ്യസംഘം വ്യാഴാഴ്ച നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തും. വൈകീട്ട് നാലിനാണ് ആദ്യവിമാനത്തില്‍ 450 പേരെത്തുക.
450 പേരടങ്ങുന്ന രണ്ടാമത്തെ സംഘം രാത്രി 10.25നും എത്തിച്ചേരും. മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിലാണ് ഹാജിമാരെ സ്വീകരിക്കുക. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മെയിന്റനന്റ് ഹാങ്കറില്‍ തന്നെയായിരിക്കും ഹാജിമാരുടെ കസ്റ്റംസ്, എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.
ഹാങ്കറിന് സമീപത്തെ ടാക്‌സി ബേയിലായിരിക്കും വിമാനം ഇറങ്ങുക. അവിടെനിന്ന് ഹാജിമാരെ പ്രത്യേക ബസില്‍ ഹാങ്കറിലെ ഹജ്ജ് ക്യാമ്പില്‍ എത്തിക്കും. ഹാജിമാരെ സഹായിക്കുന്നതിന് 130 വളന്റിയര്‍മാരെ ഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
ഹജ്ജ് കഴിഞ്ഞ് തിരികെ എത്തുന്നവരെ സ്വീകരിക്കുന്നതിന് രണ്ടുപേര്‍ക്ക് വീതമായിരിക്കും പാസ് അനുവദിക്കുക. ഒരു കവറിലുള്ള ഹാജിമാരെ സ്വീകരിക്കാന്‍ രണ്ട് ബന്ധുക്കള്‍ക്ക് എന്നതായിരിക്കും വ്യവസ്ഥ.
ഹാജിമാരുടെ മടക്കയാത്രക്കായി 24 സര്‍വിസുകളാണ് സൗദി എയര്‍ ലൈന്‍സ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ 14 വരെ സര്‍വിസുണ്ടാകും. ഒരു ഹാജിക്ക് അഞ്ച് ലിറ്റര്‍ വീതമാണ് സംസം നല്‍കുക. ഇത് ഇതിനോടകം തന്നെ എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha