ജയരാജനെ ചോദ്യം ചെയ്യാന്‍ അനുവദിക്കാതെ പാര്‍ട്ടി, ജേക്കബ് തോമസിനെ മാറ്റിയില്ലെങ്കില്‍ വിവരമറിയും

ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ മുന്‍മന്ത്രി ഇപി ജയരാജനെ ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നീക്കം അടിയന്തിരമായി തടയണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അനൗപചാരികമായി മുഖ്യമന്ത്രിയെ അറിയിച്ചു. സിപിഎമ്മിന്റെ പ്രമുഖനും കേന്ദ്രകമ്മിറ്റി അംഗവുമായ നേതാവിനെ പോലീസുകാര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം തീര്‍ത്തും ഒഴിവാക്കണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം. എന്നാല്‍ പാര്‍ട്ടി വേറെ, സര്‍ക്കാര്‍ വേറെ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നീങ്ങുന്നത്.
പിണറായി കടുംപിടുത്തം തുടര്‍ന്നാല്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്ന സാഹചര്യം സംജാതമാകും. അതേസമയം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ജയരാജനെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് നീക്കം. അഴിമതിക്ക് രാഷ്ട്രീയ നിറം കല്പിക്കാനാവില്ലെന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍.
അതിനിടെ ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്നും നീക്കാന്‍ ഡല്‍ഹിയിലും ശ്രമം തുടങ്ങി. ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളാണ് ഡല്‍ഹിയില്‍ നീക്കം തുടങ്ങിയിരിക്കുന്നത്. സിപിഐഎമ്മിന്റെ കേന്ദ്ര നേതാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ട് കഴിഞ്ഞു. കെ ബാബു, ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ ഉന്നം വച്ചു നീങ്ങുന്ന ജേക്കബ് തോമസിനെ ഏതു വിധേനയും സ്ഥാന ഭ്രഷ്ടനാക്കാനാണ് കേന്ദ്ര നേതാക്കളുടെ ശ്രമം. ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് കേസില്‍ രമേശിനെ പ്രതിയാക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.
അമ്പിനും വില്ലിനും അടുക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ലെങ്കില്‍ വിഎസ് അച്യുതാനന്ദന്റെ അവസ്ഥ പിണറായിക്കും വന്നു ചേരും. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അദ്ദേഹവും പാര്‍ട്ടി വിരുദ്ധനായ ചിത്രീകരിക്കപ്പെടും. ഏതു വിധേനയും ജയരാജനെ രക്ഷിച്ചെടുക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കാരണം ജയരാജന്‍ കേസ് നേരെ ചൊവ്വേ അന്വേഷിക്കുകയാണെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളത്തിലാകും. കാരണം ഓരോ നിയമനങ്ങളും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണ് നടന്നത്.
https://www.facebook.com/Malayalivartha

























