അവതാരങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ മൗന സമ്മതം ? ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയടക്കം യുവതിയുടെ കൈയില്‍ നിന്നും മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടി, സിപിഎമ്മാണെന്നുള്ള വെല്ലുവിളിയും, അവതാരങ്ങളുടെ അറസ്റ്റു രേഖപ്പെടുത്താന്‍ മടിച്ച് പിണറായിയുടെ പോലീസ്

അവതാരങ്ങളെ സൂക്ഷിക്കണമെന്ന പ്രഖ്യാപനത്തോടെ കസേരയിലിരുന്നു ഭരണമാരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരങ്ങളുടെ അഴിഞ്ഞാട്ടത്തിനു മുന്നില്‍ കണ്ണടയ്ക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്‍ ആദ്യം ജനങ്ങളോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ആളാണെന്നു പറഞ്ഞു നടക്കുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്നും, കണ്ണില്‍ പെട്ടാല്‍ അറിയിക്കണമെന്നുമായിരുന്നു. പ്രഖ്യാപനത്തിലൂടെ നേരെ നേരേ വാ നേരേ പോ സമീപനമാണു തന്റെ രീതിയെന്ന് പിണറായി വിളിച്ചറിയിക്കുകയായിരുന്നു.
മന്ത്രിമാരുടെ അടുത്തയാളാണെന്നു പറഞ്ഞും, മറ്റുപല കാര്യങ്ങളും നടത്തിയെടുക്കാമെന്നുമുള്ള അവകാശ വാദവുമായി രംഗത്തെത്തി പണം തട്ടിപ്പ് നടത്തുന്നവര്‍ നിരവധിയാണെന്ന് അറിവുള്ളതുകൊണ്ടാണ് പിണറായി ഇക്കാര്യം ചുമതലയേറ്റപ്പോഴേ അറിയിച്ചതും. എന്നാല്‍ ഭരണം അതിന്റെ രീതിക്കു നടക്കുമ്പോഴും, മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കു പുല്ലുവിലനല്‍കി പണത്തട്ടിപ്പ് നടത്തുന്നത് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ നേതാക്കളും. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയില്‍ നിന്നും വന്‍തോതില്‍ പണം തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏഴ് പേരെ കൊച്ചിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയിലെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇവര്‍.
പണം തട്ടിയെന്ന് ആരോപിച്ച് സാന്ദ്രാതോമസ് എന്ന യുവതി നല്‍കിയ പരാതിയിലാണ് ഇവരെ ഇന്നു രാവിലെ അറസ്റ്റു ചെയ്തത്. മേഖലാ സെക്രട്ടറി സിദ്ദിഖ്, പ്രവര്‍ത്തകരായ ഫൈസല്‍, നിയാസ്, കമാലുദ്ദീന്‍, ജോഷി, വിന്‍സന്റ്, അജയന്‍ എന്നിവരെയാണ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പണം വാങ്ങിയ ശേഷം ഇപ്പോള്‍ ഭരിക്കുന്നത് സിപിഎം ആണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി തങ്ങളുടേതാണെന്നും ഇവര്‍ യുവതിയോട് പറഞ്ഞതായാണ് വിവരം.
ഇവര്‍ തന്നില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ പോലീസ് ഏഴു പേരെയും ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നിരുന്നാലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ കേസ് ഇല്ലാതാക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെടുന്നതായും പരാതിയുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha

























