കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കര്‍ഷകര്‍ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കര്‍ഷകര്‍ ഒരുതരത്തിലും ഭയപ്പെടേണ്ട. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൃഷിയിറക്കലും തടയില്ല. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നയത്തില്‍ മാറ്റമില്ലെന്നും മന്ത്രിമാരായ കെ രാജുവും എ കെ ബാലനും നിയമസഭയെ അറിയിച്ചു.
സണ്ണിജോസഫിന്റെ അടിയന്തിരപ്രമേയ നോട്ടീസിനും രാജു അബ്രഹാമിന്റെ ശ്രദ്ധക്ഷണിക്കലിനും മറുപടി പറയുകയായിരുനു മന്ത്രിമാര്‍. ജനവാസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നാണ് ഈ സര്‍ക്കാരിന്റെയും നയം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശത്താണെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയെന്ന യുഡിഎഫ് പ്രചാരണം തെറ്റാണ്. ഇതിന്റെ പേരില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയുംചെയ്തു.
പത്തനംതിട്ടയില്‍ ക്വാറി ഉടമ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇത്തരമൊരു സത്യവാങ്ങ്മൂലം നല്‍കിയിട്ടില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. പരിസ്ഥിതി പ്രദേശങ്ങളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ മാറ്റി നിര്‍ത്തിയും അതേസമയം സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടുമുള്ള നിയമമാണുണ്ടാകേണ്ടതെന്ന കാഴ്ചപ്പാടാണ് എല്‍ഡിഎഫിനെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരില്‍ ഇതിനായുള്ള സമ്മര്‍ദ്ദം ചെലുത്തും. അതിനുവേണ്ടി എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനവും പിന്തുണയും ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വനപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്‌ഐ പരിധിയില്‍ നിന്നൊഴിവാക്കണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മലയോരമേഖലയില്‍ ജനജീവിതം സ്തംഭിക്കും. ജനങ്ങളെ തള്ളിക്കൊണ്ട് വനത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന നടപടി ശരിയല്ല. ജനങ്ങളാണ് പ്രധാനമെന്നും രാജു ചൂണ്ടിക്കാട്ടി. പ്രശ്‌നം സര്‍ക്കാര്‍ ഉള്‍ക്കൊണ്ടതിന്റെ അടിസ്ഥാനത്തില്‍ വാക്കൗട്ട് നടത്തുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിശദീകരണത്തില്‍ തൃപ്തരായ പ്രതിപക്ഷം ഇറങ്ങിപ്പോകാതെ സഭാ നടപടികളുമായി സഹകരിച്ചു.
https://www.facebook.com/Malayalivartha


























