മയൂരിക്ക് ഒറ്റക്കാലിലെ പടയോട്ടത്തിന് ഇനി ഉദയന്റെ തുണ

കാലം ചിലരില്‍ ചില വ്യത്യസ്ത വിസ്മയചെപ്പുകള്‍ ഒളിപ്പിച്ചുവെക്കും. അതുകണ്ടെത്താതെ മിക്കവരും അത് പുറത്തുതേടി നടക്കും അവസാനം വരെ. ചിലര്‍ അത് തിരിച്ചറിയും അത്രമാത്രം. ഒറ്റച്ചിറകുള്ള വര്‍ണ ശലഭം, കേരള മയൂരി, തുടങ്ങി നിരവധി വിശേഷണങ്ങള്‍ സ്വന്തമായുള്ള വന്ദന എന്ന അപൂര്‍വ നര്‍ത്തകിക്കു ജീവിതത്തില്‍ ഒപ്പം നടക്കാന്‍ ഒരു കൂട്ടുകാരന്‍ എത്തി. ജന്മനാ വലതുകാല്‍ ഇല്ലാത്ത വന്ദനയെ ജീവിതത്തിലേക്ക് ക്ഷണിച്ചത് പത്തനാപുരം കാര്യാട്ടുമഠത്തില്‍ ഉദയന്‍ നമ്പൂതിരി ആണ്. ബുധനാഴ്്ച കുടപ്പനക്കുന്ന് ദേവി ക്ഷേത്രനടയില്‍ വച്ച് ഉദയന്‍ വന്ദനയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വലിയൊരു സദസ് ആ മംഗളകര്‍മത്തിന് സാക്ഷ്യം വഹിച്ചു. അഞ്ചാലുംമ്മൂട് പനയം ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഉദയന് വന്ദനയെ ജീവിതപങ്കാളിയാക്കാന്‍ വന്ദനയുടെ ജാതിയോ സാമ്പത്തിക പിന്നാക്കാവസ്ഥയോ പ്രതിബന്ധമായില്ല. മാധ്യമങ്ങളില്‍ നിന്നും വന്ദനയെ കുറിച്ചറിഞ്ഞ ഉദയന്‍ മാതാപിതാക്കളുടെയും ഏക സഹോദരിയുടെയും സമ്മതത്തോടെ വന്ദനയുടെ അച്ഛനെ ബന്ധപ്പെടുക ആയിരുന്നു. വന്ദന നൃത്തജീവിതം തുടരണം എന്ന് തന്നെ ആണ് ഉദയനും ആഗ്രഹിക്കുന്നത്. നൃത്തത്തെ ഉപാസിക്കുന്ന വന്ദനയുടെ മോഹവും ഇനിയും കലയുടെ ഉയരങ്ങള്‍ കീഴടക്കണം എന്ന് തന്നെ. ബികോം ബിരുദം നേടിയ വന്ദന ഇപ്പോള്‍ ഗുരു ഗോപിനാഥ് നടന ഗ്രാമത്തില്‍ ജീവനക്കാരി ആണ്.
തിരുവനന്തപുരത്തു പേരൂര്‍ക്കടയില്‍ രവീന്ദ്രന്റെയും വത്സലയുടെയും ഏക മകളായ വന്ദന ഒറ്റക്കാലില്‍ ചിലങ്കകെട്ടി ആടി തുടങ്ങിയത് എട്ടാം വയസില്‍. നൃത്തത്തോടുള്ള അഗമ്യമായ പ്രണയം മൂലം ഒരു കാലിന്റെ കുറവ് നൃത്തം അഭ്യസിക്കുന്നതില്‍ നിന്നും വന്ദനയെ പിന്തിരിപ്പിച്ചില്ല. ഒരു തരം വാശിയോടെ കൊച്ചു വന്ദന തന്റെ തപസ് തുടരുക തന്നെ ചെയ്തു. കൂലിപ്പണിക്കാരനായ രവീന്ദ്രന്‍ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തനിക്കു കഴിയുന്നതിനപ്പുറം പ്രയത്‌നിച്ചു. പൊയ്ക്കാലില്‍ നൃത്തം ചെയ്യുന്ന സുധാചന്ദ്രനെ മാതൃകയാക്കിയ വന്ദന പൊയ്കാല്‍ പോലും ഇല്ലാതെ മോഹിനിയാട്ടവും കുച്ചിപ്പുടിയും ഭരതനാട്യവും സിനിമാറ്റിക് ഡാന്‍സും കളിച്ചു കാണികളെ അമ്പരപ്പിച്ചു. പണിതീരാത്ത കൊച്ചു വീട്ടില്‍ പുരസ്‌കാരങ്ങള്‍ വെയ്ക്കാന്‍ ഇടമില്ലാതെ വന്ദനയും കുടുംബവും കഷ്ടപ്പെട്ടു. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ കയ്യില്‍ നിന്നും നേരിട്ട് പുരസ്‌കാരം വാങ്ങിയതാണ് വന്ദനയുടെ ജീവിതത്തിലെ ധന്യ നിമിഷം. അടുത്തയിടെ വന്ദനയുടെ നൃത്തം കണ്ട പ്രഭുദേവയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
നേട്ടങ്ങള്‍ അനേകം ആണെങ്കിലും വന്ദന നേരിട്ട തിക്താനുഭവങ്ങളും നിരവധി. അംഗീകാരങ്ങള്‍ക്കൊപ്പം അപമാനങ്ങളും ഈ അപൂര്‍വ പ്രതിഭ നേരിട്ടു. പക്ഷെ അനുഗ്രഹീതയായ ഈ കലാകാരിയുടെ സമര്‍പ്പണബോധം അതെല്ലാം നിഷ്പ്രഭമാക്കുക തന്നെ ചെയ്തു. ഇനിയും കേരളം ഈ കലാകാരിയെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മാത്രം. ഇരുവര്‍ക്കും എല്ലാവിധ ആശംസകളും.
https://www.facebook.com/Malayalivartha


























