വായ്പയെടുത്ത് ഉയര്‍ന്ന പലിശയ്ക്കായി നിക്ഷേപം നടത്തിയവര്‍ വെട്ടിലായി... കാര്‍ഷിക വായ്പ വ്യാപകമായി ദുരുപയോഗം ചെയ്തവരെ കണ്ടു പിടിക്കാനായി ശ്രമം

ഉയര്‍ന്ന പലിശ ലഭിക്കാന്‍ വായ്പയെടുത്ത പണം മറ്റൊരു ബാങ്കില്‍ നിക്ഷേപമാക്കി ലാഭം കൊയ്തിരുന്നവര്‍ ആശങ്കയില്‍. കറന്‍സി നിയന്ത്രണം ഒരു മാസം പിന്നിടുമ്പോള്‍ വരുമാനം മുടങ്ങിയെന്നുമാത്രമല്ല പണം തിരിച്ചു കിട്ടാനുള്ള വഴി തേടുകയാണ് ഇക്കൂട്ടര്‍. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്കു ലഭിക്കുന്ന വായ്പയാണ് മറ്റൊരു ബാങ്കില്‍ ഉയര്‍ന്ന പലിശക്കു നിക്ഷേപിച്ച് ലാഭം കൊയ്യുന്നത്. കാര്‍ഷിക വായ്പയാണ് ഇങ്ങനെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്.
എസ്.ബി.ഐ, എസ്.ബി.ടി, കനറാബാങ്ക് തുടങ്ങിയവയില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിലായി നാല് ശതമാനം പലിശക്കാണ് വായ്പ നല്‍കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ വായ്പയില്‍ 40 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കു നല്‍കണമെന്ന നിര്‍ദേശത്തിന്റെ പേരില്‍ സംസ്ഥാനത്ത് കോടിക്കണക്കിനു രൂപയാണ് കര്‍ഷകരുടെ പേരില്‍ വായ്പയായി നല്‍കിയത്. നികുതി ശീട്ടിന്റെ ഈടിന്‍മേല്‍ സ്വര്‍ണപ്പണയം വഴിയാണ് വായ്പ അനുവദിക്കുന്നത്. ഇങ്ങനെ ഒരാള്‍ക്ക് 3 ലക്ഷം വരെ വായ്പ ലഭിക്കും. ഇതാണ് കര്‍ഷകരല്ലാത്തവര്‍ വ്യാപകമായി പ്രയോജനപ്പെടുത്തിയത്. 4 ശതമാനത്തിനു പലരുടെ പേരിലും എടുത്ത വായ്പാ തുക സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചത്. ഇവിടെ 9 ശതമാനം വരെ പലിശ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര മുതല്‍ ഒരു ശതമാനം വരെ അധിക പലിശയും നല്‍കുന്നുണ്ട്.
ഈ ഇടപാടിലൂടെ ഒരാള്‍ അഞ്ചര ശതമാനം പലിശ ലാഭമായി നേടുകയാണ് ചെയ്യുന്നത്. ഇങ്ങനെ 30 ലക്ഷം വരെ നിക്ഷേപമിട്ടവരുണ്ട്. ഇവരാണ് ഇപ്പോള്‍ വെട്ടിലായത്. സഹകരണ ബാങ്കിലെ പ്രതിസന്ധി കാരണം പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പലിശയും മുടങ്ങിയിരിക്കുകയാണ്. മാത്രമല്ല വന്‍ തുകകളുടെ അക്കൗണ്ടു വിവരങ്ങള്‍ നല്‍കേണ്ടി വരുമെന്നതിനാല്‍ നിക്ഷേപം ബാധ്യതയായി മാറും.
നേരത്തെ ബാങ്ക് അധികൃതരുടെ ഒത്താശയോടെ വായ്പാ ഇനത്തിലെ തുക സ്വകാര്യ പണമിടപാട് വ്യക്തികളിലേക്കും സ്ഥാപനത്തിലേക്കും ഒഴുകിയത് വാര്‍ത്തയായിരുന്നു. രേഖയും സ്വര്‍ണവും ഈടായി വച്ചതിനാല്‍ ഇതില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാര്‍ഷിക വായ്പാ ദുരുപയോഗം കണ്ടെത്തിയിരുന്നു. സ്വകാര്യ പണമിടപാടുകാര്‍ 4 ശതമാനം പലിശക്ക് എടുക്കുന്ന പണം 12 മുതല്‍ 20 ശതമാനം വരെ പലിശക്കാണ് പുറത്ത് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha